Education

രണ്ട് വിസിമാർ കൂടി ​തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ഗവർണർക്ക് വിശദീകരിച്ചു നൽകി

Published

on

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ​ഗവർണർക്ക് വിശദീകരണം നൽകി. ഡിജിറ്റൽ സർവ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാല വിസിയുമാണ് ഇപ്പോൾ വിശദീകരണം നൽകിയത്. ഇതോടെ ഇതുവരെ അഞ്ച് വിസിമാർ ​ഗവർണർക്ക് വിശദീകരണം നൽകിയിട്ടുണ്ട്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

എസ്എഫ്ഐയുടേയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടയിലാണ് സാങ്കേതിക സർവ്വകലാശാല വിസിയുടെ ചുമതല ‍ഡോ. സിസ തോമസ് ഏറ്റെടുത്തത്. ഒപ്പിടേണ്ട രജിസ്റ്റർ നൽകേണ്ട ഉദ്യോഗസ്ഥരടക്കം നിസ്സഹകരിച്ച് വിട്ടുനിന്നതോടെ ചുമതലയേറ്റെന്ന് കടലാസിൽ എഴുതി സിസ തോമസ് ചാന്‍സിലറെ അറിയിച്ചു. അതേസമയം അനുവാദം ഇല്ലാതെ ചുമതലയേറ്റതിൽ സിസ തോമസിനോട് വിശദീകരണം തേടാനുള്ള നീക്കത്തിലാണ് സ‍ർക്കാർ. സിസക്ക് ചുമതല നൽകിയത് ചട്ടം ലംഘിച്ചാണെന്ന വാദം സിപിഎം ഉയർത്തുന്നുമുണ്ട്.

സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തെത്തിയ ഡോ. സിസ തോമസിനെ ഗേറ്റില്‍ എസ്എഫ്ഐക്കാർ തടഞ്ഞു. പോലീസ് അകമ്പടിയോടെ അകത്തെത്തിയപ്പോൾ കെജിഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുടെ വൻ സംഘം. സമരക്കാരെ മറികടന്ന് ഓഫീസിൽ കയറിയപ്പോൾ ഒപ്പിടാൻ രജിസ്റ്ററില്ല; രജിസ്ട്രാര്‍ സ്ഥലത്തില്ല. ഡെപ്യൂട്ടി രജിസ്ട്രാറും ഉന്നത ഉദ്യോഗസ്ഥരും പ്രതിഷേധക്കാര്‍ക്കൊപ്പവും. ഒടുവിൽ ചുമതലേറ്റകാര്യം വെള്ള പേപ്പറിൽ എഴുതി രാജ്ഭവനിലേക്ക് അയച്ച് സിസ തോമസ് പ്രശ്നം പരിഹരിച്ചു.

സിസക്കെതിരെയുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി രേഖാമൂലമുള്ള അനുവാദമില്ലാതെ പുതിയ ചുമതലയേറ്റതിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോ സാങ്കേതിക വകുപ്പ് ഡയറക്ടറോ സിസയോട് വിശദീകരണം തേടും. എന്നാൽ ചാൻസലർ ഈ പദവിയിലേക്ക് ചുമതല ഏൽപ്പിച്ചതിനുശേഷം ചുമതല ഏൽക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിസയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version