Business

യു എൻ എ സമരത്തിലേക്ക്

Published

on

ലേബർ നിയമങ്ങൾ കൃത്യമായി നടപ്പാക്കുക, രോഗി-നേഴ്‌സ്‌ അനുപാതം നടപ്പിലാക്കുക, കോൺട്രാക്ട് നിയമനരീതി അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്‌സസ് അസ്സോസിയേഷൻ സംസ്ഥാനതലത്തിൽ സമരമുഖം തുറക്കുന്നു. ഡിസംബർ 15-ന് കരിദിനാചരണവും ജനുവരി 5-ന് സൂചനാപണിമുടക്കുമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പിന്നീടുള്ള കാര്യങ്ങൾ സൂചനാപണിമുടക്കിനുശേഷമാവും തീരുമാനിക്കുക.

ആരോഗ്യരംഗത്തെ അവശ്യസർവീസുകളായ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനങ്ങളെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അധികൃതർ രണ്ടുതട്ടിൽ കാണുന്നു എന്നത് അന്തർദേശീയതലത്തിലെ സാമൂഹ്യവിദഗ്ധരുടെ മോശം പരാമർശങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇവിടത്തെ നേഴ്‌സുമാർ പൊതുവേ വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്നതിന്റെ പിന്നിലെ കാരണം ആരോഗ്യപാലനരംഗത്തെ സേവനങ്ങളെ വികസിതരാജ്യങ്ങൾക്കൊപ്പം പല അവികസിതരാജ്യങ്ങൾ പോലും തിരിച്ചറിഞ്ഞ് അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നതാണ്. പല രാജ്യങ്ങളും നമ്മുടെ നാട്ടിൽനിന്നുള്ള നേഴ്സുമാർക്കുവേണ്ടി വാതിലുകൾ കൂടുതൽ തുറന്നിടുന്ന നീക്കങ്ങൾ പോലും നടത്തുമ്പോൾ ഇവിടെ ന്യായമായ സേവനവേതനസാഹചര്യങ്ങൾക്കുവേണ്ടി സമരവും പ്രക്ഷോഭവുമെല്ലാം ഉണ്ടാവേണ്ടിവരുന്നു എന്നത് അന്തർദ്ദേശീയതലത്തിൽ സാമൂഹ്യവികസനരംഗത്ത് നാണക്കേടാവുമ്പോഴും മെഡിക്കൽ കോർപറേറ്റുകളുടെയും ഡോക്ടർമാരുടെയും നെഗറ്റീവ് ഇടപെടലുകൾ ഈ വിഷയത്തിൽ പ്രശ്നമാവുന്നുണ്ട്.

പല ആശുപത്രികളിലും ഡോക്ടർമാർക്ക് ഷെയറുണ്ടെന്നുള്ള സാഹചര്യത്തിനൊപ്പം ഒരു ആവശ്യസർവീസിനെ അംഗീകരിക്കാതിരിക്കാനുള്ള ത്വരയും ഇതിനുപിന്നിലുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷമായ ഉദാഹരണമായിരുന്നു സമീപകാലത്ത് വിദേശജോലിസാധ്യതകൾ തേടുന്ന നേഴ്‌സുമാരുടെ നീക്കത്തിന് നിയമ-സാങ്കേതികവഴികളിലൂടെ കടിഞ്ഞാണിടണമെന്ന രീതിയിൽ ആശുപത്രി മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്നും വന്ന നിലപാട്. തങ്ങളുടെ ന്യായമായ തൊഴിലവകാശങ്ങളെക്കുറിച്ച് ശബ്ദമുയർത്താൻ തുടങ്ങിയ ഒരു സമൂഹത്തിന് നേതൃത്വം കൊടുക്കുന്നവരെ തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കാനും മോശം പരാമർശങ്ങളിലൂടെയും കള്ളക്കേസുകളിലൂടെയും ഇകഴ്ത്തിക്കാണിക്കുക എന്ന ക്ളീഷേ പരിപാടികൾക്ക് പുറമെയാണ് ഇത്തരം നീക്കങ്ങൾ!

ഇവിടത്തെ നേഴ്‌സുമാർക്ക് വിദേശരാജ്യങ്ങൾ ചുവപ്പുപരവതാനി വിരിക്കുന്നു എന്നതും നമ്മുടെ നാട്ടിൽ മാന്യമായ സേവനവേതനവ്യവസ്ഥകളും തൊഴിൽസാഹചര്യങ്ങളും ഉണ്ടെങ്കിൽ നേഴ്‌സുമാരുടെ വിദേശത്തേക്കുള്ള ശക്തമായ ഒഴുക്ക് ഉണ്ടാവുമോ എന്നതും ചേർത്തുവായിക്കുമ്പോൾ തെളിഞ്ഞുവരുന്ന വസ്തുതകൾ ഒളിപ്പിച്ചുവെക്കാവുന്നതിനപ്പുറം പ്രതിലോമകരമാണെന്ന പശ്ചാത്തലത്തിലാണ് കേരളത്തിൽ വീണ്ടുമൊരു നേഴ്സിംഗ് സമരാഹ്വാനത്തിന് കളമൊരുങ്ങുന്നത്.

ഇതുസംബന്ധിച്ച് യു എൻ എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പോരാളികളെ അഭിവാദ്യങ്ങൾ…

മാന്യമായ ശംബളം, ജീവിതം… മനുഷ്യൻ്റെ മൗലികാവകാശമാണ്. നിരന്തരമായ സമരത്തിലൂടെ മാത്രമേ നമുക്ക് നീതി നേടിയെടുക്കാൻ സാധിക്കൂ.

യു എൻ എ നിലവിൽ വന്ന ശേഷമാണ് 2009 ലെ മിനിമം വേതനം 2011 ൽ നേടിയെടുത്തത്. 6000 രൂപയായിരുന്നു അത്. 2013-ൽ നഴ്സിംഗ് സമരകൊടുങ്കാറ്റിനെ തുടർന്ന് 10000 രൂപയാക്കി അടിസ്ഥാനശമ്പളം ഉയർത്തി. 2018-ൽ നേഴ്സുമാരുടെ ലോംഗ് മാർച്ചിന് മുൻപ് തന്നെ 2017 ഒക്ടോബർ 1 മുതൽ മുൻകാലപ്രാബല്യത്തോടെ അടിസ്ഥാനശമ്പളം 20000 രൂപയാക്കി സർക്കാർ ഉത്തരവിറക്കി. മിനിമം വേതനം പുനർനിശ്ചയിക്കാനുള്ള പരമാവധി കാലം 5 വർഷമാണ്. 2022 സെപ്റ്റംബർ 30-ന് ആ കാലവും അതിക്രമിച്ചിരിക്കുന്നു. അതെ, എന്നും നേഴ്സിംഗ് സമൂഹം മുഷ്ടി ചുരുട്ടി തെരുവിൽ ഇറങ്ങുമ്പോൾ മാത്രമാണ് നീതി നടപ്പിലാവുന്നത്.

ഇനി സമരകാലഘട്ടമാണ്, തീവ്രവാദി പട്ടവും, നക്സലൈറ്റ് വിളികളും, ജാതി-മത ഭ്രാന്തന്മാരുടെ എഴുന്നള്ളിപ്പുകളും കൊണ്ട് സമരത്തെ നേരിടാൻ മുതലാളിത്തവും സജ്ജമായി കഴിഞ്ഞിരിക്കുന്നു.
സമരമല്ലാതെ മറ്റൊരു വഴിയില്ലാ എന്ന് നഴ്സിംഗ് സമൂഹവും തിരിച്ചറിയുന്നു. 2017 ഒക്ടോബർ 1-ന് ശേഷം എത്ര തവണ ആശുപത്രികളിലെ ചികിത്സാനിരക്ക് വർദ്ധിപ്പിച്ചു. ലോകം മുഴുവൻ നിശ്ചലമായ കാലഘട്ടത്തിൻ്റെ 100 % ലാഭമുണ്ടാക്കിയ ആശുപത്രി മുതലാളിമാർ ഒരു രൂപായെങ്കിലും സ്വജീവൻ പോലും നോക്കാതെ പണിയെടുത്ത ആശുപത്രി ജീവനക്കാർക്ക് കൊടുത്തോ?
മാലാഖ എന്ന വിളിയല്ലാതെ എന്താണ് നൽകിയത്?
നഴ്സിംഗ് ചാർജ്ജിൻ്റെ പേരിൽ ഈടാക്കിയ വൻ തുകയിൽ നിന്ന് ചില്ലിക്കാശ് നഴ്സുമാർക്ക് നൽകിയോ?
5 വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ-ഗ്യാസ്-ഓട്ടോ-ബസ്സ്-ടാക്സി നിരക്കുകൾ എത്ര തവണ വർദ്ധിപ്പിച്ചു?
40000 രൂപ അടിസ്ഥാന ശമ്പളമായോ 1500 രൂപ ദിവസവേതനമെന്ന നിരക്കിലോ നഴ്സുമാർക്ക് ലഭിക്കണമെന്ന കാര്യത്തിൽ യു എൻ എക്ക് യാതൊരുവിധ സംശയവുമില്ല.

തെരുവിലേക്ക് ഞങ്ങൾ വരുന്നു. പോരാട്ട വീര്യത്തെ പിന്തുണക്കാൻ യു എൻ എ കുടുംബത്തിലെ മുഴുവൻ പേരോടും, ഞങ്ങളുടെ സമരത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന പൊതുസമൂഹത്തോടും അഭ്യർത്ഥിക്കുന്നു.
സമര പോരാളികളെയും, യുഎൻഎ കേരളാ സംസ്ഥാനകമ്മറ്റിയെയും ഹൃദയാഭിവാദ്യം ചെയ്യുന്നു.
ജാസ്മിൻഷ.എം
അഖിലേന്ത്യാ പ്രസിഡണ്ട്
യു എൻ എ.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version