Business

‘മീഡിയ വൺ’ ചാനലിന്റെ സംപ്രേഷണവിലക്ക് സുപ്രീം കോടതി നീക്കി

Published

on

‘മീഡിയ വൺ’ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നടപടി റദ്ദാക്കിയത്. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം വിളിച്ചുപറയാനും പരുക്കൻ വസ്തുതകൾ പൗരന്മാരെ അറിയിക്കാനും മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സർക്കാർ നയങ്ങൾക്കെതിരെയുള്ള ചാനലിന്റെ വിമർശനാത്മക വീക്ഷണങ്ങളെ രാജ്യവിരുദ്ധമെന്ന് വിളിക്കാനാവില്ല.

സർക്കാരിന്റെ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള കാരണമായി കണ്ടെത്താനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. സർക്കാറിനെ വിമർശിക്കുക എന്നുള്ളത് മാധ്യമങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍പ്പെടുന്ന കാര്യമാണ്. ഇത് കുറ്റമോ ദേശവിരുദ്ധപ്രവൃത്തിയോ അല്ല. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനവിരുദ്ധമായ കാര്യമല്ലെന്നും കോടതി പറഞ്ഞു.

ദേശസുരക്ഷയുടെ പേര് പറഞ്ഞ്, ചാനലിന് എന്തുകൊണ്ട് വിലക്ക് ഏർപ്പെടുത്തിയെന്നത് പുറത്തു പറയാത്തത് നീതികരിക്കാനാവില്ല. മുദ്ര വെച്ച കവറിൽ കാരണങ്ങൾ വെളിപ്പെടുത്തിയത് സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശീയസുരക്ഷ എന്ന വാദം ഉപയോഗിക്കുന്നത് നിയമവാഴ്ചയുമായി പൊരുത്തപ്പെടുന്നതല്ല. വെറുതെ ഉന്നയിക്കാവുന്ന ഒന്നല്ല ദേശീയസുരക്ഷാ വാദം. അതിന് വസ്തുതാപരമായ തെളിവുകൾ ഉണ്ടാകണം. കൂടാതെ മാർഗ്ഗങ്ങൾ ലഭ്യമാണെങ്കിൽ സീൽഡ് കവർ എന്ന നടപടിക്രമം സ്വീകരിക്കാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാനലിന്റെ ലൈസൻസ് പുതുക്കാൻ അനുവദിക്കാത്തത് അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന് തുല്യമാണ്. ചാനലിന്റെ ഷെയർഹോൾഡർമാർക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുണ്ട് എന്നത് ചാനലിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്താൻ മതിയായ കാരണമല്ല. കൂടാതെ ഈ ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളുമില്ലെന്നും കോടതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌ആർ‌സി) എന്നിവയ്‌ക്കെതിരായ റിപ്പോർട്ടുകൾ ചാനലിന്റെ ഭരണകൂടവിരുദ്ധത തെളിയിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും പ്രക്ഷേപണ ലൈസൻസ് പുതുക്കുന്നത് നിരസിക്കാനുള്ള ന്യായമായ കാരണങ്ങളല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രക്ഷേപണം വിലക്കിയ നടപടി രാജ്യതാത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുൻവിധിയോടെയുള്ള നടപടിയാണ് സ്വീകരിക്കപ്പെട്ടത് എന്നായിരുന്നു ചാനലിന്റെ വാദം.

ആഭ്യന്തര സുരക്ഷാ അനുമതി ഇല്ലാത്തതിനാൽ ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ മീഡിയ വൺ മാനേജ്മെന്റ് സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version