Crime

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലാതായെന്ന് കെ സുരേന്ദ്രൻ

Published

on

അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നിരാകരിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. സുപ്രീംകോടതിയുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലാതായിരിക്കുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേസിൻ്റെ വിധി വരുന്നതുവരെ ചാൻസലർക്ക് ആക്ടിംഗ് വിസിയെ നിയമിക്കാമെന്ന കോടതിയുടെ നിലപാട് ഇടതുസർക്കാരിൻ്റെ എല്ലാ വാദവും തള്ളുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ ഉപയോഗിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിക്കെതിരാണെന്ന് ഓരോ ദിവസവും വ്യക്തമായി വരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗവർണറാണ് ശരിയെന്ന് കേരളജനതക്ക് പൂർണമായും മനസിലായിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ബിജെപി കൂടുതൽ ശക്തമാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version