Crime

പാക്ക് സൈനിക മേധാവിയും ബന്ധുക്കളും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Published

on

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന്‍ സൈനികമേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാൻ സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്. എന്നാല്‍, സൈനികമേധാവിയുടെ കുടുംബത്തിന്‍റെ രഹസ്യനികുതിരേഖകൾ ‘നിയമവിരുദ്ധവും അനാവശ്യമായ ചോർച്ചയും’ ആണെന്ന് സർക്കാർ അവകാശപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നികുതിനിയമത്തിന്‍റെ ലംഘനവും ഔദ്യോഗിക രഹസ്യവിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്‍റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ റവന്യൂ ഉപദേഷ്ടാവായ ചീഫ് ഇൻവെസ്റ്റിഗേറ്റർ ഓഫീസറോട് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദാർ നിർദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഖമർ ജാവേദ് ബജ്‌വ പാകിസ്ഥാൻ സൈനികമേധാവിയായതിന് ശേഷം അദ്ദേഹത്തിന്‍റെ അടുത്ത കുടുംബാംഗങ്ങൾ പുതിയ ബിസിനസുകള്‍ ആരംഭിച്ചു. പലരും പാകിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ ഫാം ഹൗസുകളുടെ ഉടമകളായി. ബന്ധുക്കളില്‍ ചിലര്‍ വിദേശവസ്തുക്കൾ വാങ്ങി കോടിക്കണക്കിന് ഡോളർ സമ്പാദിച്ചതായും ഓൺലൈൻ അന്വേഷണ വാർത്താ പോർട്ടലായ ഫാക്ട് ഫോക്കസിന് വേണ്ടി പാകിസ്ഥാൻ പത്രപ്രവർത്തകൻ അഹമ്മദ് നൂറാനി റിപ്പോര്‍ട്ട് ചെയ്തു. ഖമർ ജാവേദ് ബജ്‌വയുടെ ഭാര്യ ആയിഷ അംജദ്, മരുമകൾ മഹ്‌നൂർ സാബിർ, മറ്റ് അടുത്ത കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള കുടുംബത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന നിരവധി ഡാറ്റകളും ഇതോടൊപ്പം പുറത്തുവിട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“ആറ് വർഷത്തിനുള്ളിൽ രണ്ട് കുടുംബങ്ങളും ശതകോടീശ്വരന്മാരായി. കുടുംബാംഗങ്ങള്‍ അന്താരാഷ്ട്ര ബിസിനസ് ആരംഭിച്ചു. പലരും ഒന്നിലധികം വിദേശസ്വത്തുക്കൾ വാങ്ങി. കുടുംബത്തില്‍ ചിലര്‍ വിദേശത്തേക്ക് മൂലധനം കൊണ്ടുപോയി. വാണിജ്യ കെട്ടിടങ്ങള്‍, വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന പ്ലോട്ടുകൾ, ഇസ്ലാമാബാദിലെയും കറാച്ചിയിലെയും വലിയ ഫാം ഹൗസുകൾ, ലാഹോറിലെ വലിയ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ എന്നിവയുടെ ഉടമകളും ഇന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കളാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ ബജ്‌വ കുടുംബം സ്വരൂപിച്ച പാകിസ്ഥാനിലും പുറത്തുമുള്ള ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണിമൂല്യം 12.7 ബില്യണിലധികം രൂപയാണ്;” റിപ്പോർട്ട് പറയുന്നു. 2013 ല്‍ ഖമർ ജാവേദ് ബജ്‌വ സമര്‍പ്പിച്ച സാമ്പത്തിക കണക്കുകള്‍ 2017 ന് ഇടയില്‍ മൂന്ന് തവണ പരിഷ്ക്കരിച്ചത് എങ്ങനെയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. “2013-ലെ പുതുക്കിയ സമ്പത്ത് പ്രസ്താവനയിൽ, ഡി എച്ച് എ ലാഹോറിന്‍റെ എട്ടാം ഘട്ടത്തിൽ ജനറൽ ബജ്വ ഒരു വാണിജ്യ പ്ലോട്ട് കൂട്ടിച്ചേർത്തു. വാസ്തവത്തിൽ താൻ ഈ പ്ലോട്ട് 2013-ൽ തിരികെ വാങ്ങിയിരുന്നുവെന്നും എന്നാൽ രേഖപ്പെടുത്താന്‍ മറന്നുപോയെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്;” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ അധികൃതർ ഓൺലൈൻ പോർട്ടലിലേക്കുള്ള പ്രവേശനം തടഞ്ഞു. ഫാക്ട് ഫോക്കസ് വെബ്‌സൈറ്റ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക പത്രപ്രവർത്തക പ്ലാറ്റ്‌ഫോമാണ്. പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതികൾ ഇതിന് മുമ്പും ഫാക്ട് ഫോക്കസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version