Uncategorized

പലരും തിരിച്ചറിഞ്ഞിട്ടില്ല, തരൂരിന്റെ യഥാർത്ഥ തന്ത്രം

Published

on

സംസ്ഥാനത്ത് മുഖ്യമന്ത്രിയാവാനും സംസ്ഥാനത്തെ നിലവിലുള്ള പാര്‍ലമെന്ററി നേതാക്കളെ മാറ്റി സ്വയം പ്രതിഷ്ഠിക്കാനുമാണ് ശശി തരൂര്‍ ഇപ്പോള്‍ സമുദായ നേതൃത്വത്തിന്റെ പിന്തുണ വാങ്ങി ശ്രമിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നാം. എന്നാല്‍ അതിനപ്പുറമാണ് തരൂരിന്റെ ശരിയായ ലക്ഷ്യം. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ സ്വാധീനമില്ലാത്ത തരൂരിന് ഒരിക്കലും സംസ്ഥാന നേതൃത്വത്തിന്റെ ആനുകൂല്യമില്ലെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നായകനാകുക അസാധ്യമാണ്. ഉപരിതലത്തിലുള്ള ആരാധനാവൃന്ദമല്ല ആഴത്തിലുള്ള ഗ്രൂപ്പ് വേരുകളാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ശരിയായ സ്വാധീന ഘടകം. തരൂരിന് ഇത് അറിയാം എന്നതിനാലാണ് അദ്ദേഹം നായര്‍, മുസ്ലീം, ക്രിസ്ത്യന്‍ സമുദായ നേതൃത്വത്തിന് അഭിമതനാവാനും ആരാധ്യനാവാനും യത്‌നിക്കുന്നത്. അതു വഴി കോണ്‍ഗ്രസിന്റെ നേതാക്കളില്‍ പരിഭ്രമം സൃഷ്ടിക്കാനും അങ്കലാപ്പുണ്ടാക്കാനും കഴിയുമെന്ന് തരൂരിന്റെ ബുദ്ധി കണക്കുകൂട്ടി. ഒപ്പം എ-ഗ്രൂപ്പിന്റെ പിന്തുണയും തനിക്കുണ്ടെന്ന് വരുത്താനും അദ്ദേഹത്തിന് സാധിക്കുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് താല്‍പര്യക്കുറവ് കാണിച്ചാല്‍ ഈ എ-ഗ്രൂപ്പെല്ലാം തരൂരിനെ കൈവിടുമെന്നതാണ് യാഥാര്‍ഥ്യം. ചുരുക്കത്തില്‍ ദേശീയ നേതൃത്വം പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി താല്‍പര്യം കാണിച്ചാലല്ലാതെ ശശി തരൂരിന് കേരളത്തിലെ പാര്‍ലമെന്‌റി രാഷ്ട്രീയത്തില്‍ ഒരു തരത്തിലുള്ള എന്‍ട്രിയും സാധ്യമല്ല. അത് അറിയാവുന്നതിനാലാണ് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തരൂരിന്റെയടക്കം ആരുടെ കാര്യവും തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ് എന്ന രീതിയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും കെ.മുരളീധരനുമൊന്നും ദേശീയ നേതൃത്വത്തിന്റെ താല്‍പര്യം നോക്കാതെ തരൂരിന് പിന്തുണ തുടരുകയില്ല എന്നത് പകല്‍ പോലെ വെളിവാകുന്ന കാര്യമാണ്.

 

ഇത്രയുമെല്ലാം തരൂരിന് അറിയില്ല എന്ന് പറയാനാവില്ല. എന്നിട്ടും എന്തിനാണ് തരൂര്‍ ഈ കളി കളിക്കുന്നത്. കോണ്‍ഗ്രസിനെ പരമ്പരാഗതമായി ഏറെ പിന്തുണയ്ക്കുന്ന മൂന്ന് ന്യൂനപക്ഷ സമുദായങ്ങളുടെ ആത്മീയ, രാഷ്ട്രീയ നേതൃത്വങ്ങളെ അങ്ങോട്ടു പോയി കണ്ട് അവരില്‍ നിന്നും തനിക്ക് അനുകൂലമായ പ്രസ്താവനകള്‍ ഉണ്ടാക്കിയെടുക്കുന്നതിനു പിറകിലുള്ളത് നിലവിലുള്ള സംസ്ഥാന നേതാക്കളെ അമ്പരപ്പിക്കുകയെന്നതാണ്. അതിന്റെ ലക്ഷ്യമാകട്ടെ സംസ്ഥാനത്തിനപ്പുറത്തേക്കുള്ളതു കൂടിയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version