Business

പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സം​ഗക്കുറ്റമാവില്ലെന്ന് ഹൈക്കോടതി

Published

on

വിവാഹവാ​ഗ്ദാനത്തിൽനിന്നും പിന്മാറിയതിന്റെ പേരിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സം​ഗക്കുറ്റമാവില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകിയതിനുശേഷം അതിൽനിന്ന് പിന്മാറിയതിൻറെ പേരിൽ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. പുനലൂർ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പുനലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി പൂർണമായും റദ്ദാക്കി.

വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നും പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി എന്നുമായിരുന്നു പുനലൂർ സ്വദേശിയായ യുവാവിനെതിരെ യുവതി നൽകിയ പരാതി. ഇയാളുടേത് ബലാത്സംഗക്കുറ്റമായി പരിഗണിക്കപ്പെടണമെന്നും പരാതിക്കാരി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേസിൽ ആരോപിച്ച കുറ്റകൃത്യം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരസ്പരസമ്മതത്തോടെയാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. വിവാഹിതയായിരുന്ന പരാതിക്കാരി വിവാഹമോചനത്തിന് ഹർജി നൽകി കാത്തിരിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ട് സാഹചര്യങ്ങൾ വിലയിരുത്തിയാണ് പരാതിക്കാരി ആരോപിക്കുന്ന ബലാത്സംഗകുറ്റം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version