International

നേപ്പാള്‍ തെരഞ്ഞെടുപ്പിൽ 61 ശതമാനം പോളിങ്ങ്; സംഘര്‍ഷത്തില്‍ ഒരു മരണം

Published

on

നേപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെര‍െഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടിങ്ങ് തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 22,000 പോളിംഗ് കേന്ദ്രങ്ങളിൽ പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. വോട്ടിങ്ങ് ശതമാനം പ്രതീക്ഷിച്ചതിലും കുറവാണെന്നും രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളില്‍നിന്നുള്ള വിശദാംശങ്ങള്‍ കൂടി ലഭിക്കുമ്പോള്‍ വോട്ടിങ്ങ് ശതമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ദിനേഷ് കുമാര്‍ തപാലിയ മാധ്യമങ്ങളോട് പറഞ്ഞു.

ബജുറയിലെ ട്രിബെനി മുനിസിപ്പാലിറ്റിയിലെ നടേശ്വരി ബേസിക് സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ നടന്ന വെടിവെപ്പിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ നടന്ന തർക്കത്തിനിടെ വെടിയേറ്റ് 24 കാരനായ യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൈലാലി ജില്ലയിലെ ധംഗധി സബ് മെട്രോപൊളിറ്റൻ സിറ്റിയിലെ ശാരദ സെക്കൻഡറി സ്‌കൂൾ പോളിംഗ് സ്‌റ്റേഷന് സമീപത്ത് ചെറിയ സ്‌ഫോടനം നടന്നെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം തടസ്സപ്പെട്ട വേട്ടിങ്ങ് പിന്നീട് പുനരാരംഭിച്ചു. ധംഗഡി, ഗൂർഖ, ദോലാഖ ജില്ലകളിലെ 11 പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം വളരെ കുറവാണ്. 2013-ൽ 77 ശതമാനവും 2017-ൽ 78 ശതമാനവും വോട്ടിങ്ങ് രേഖപ്പെടുത്തിയപ്പോള്‍ 2022 ല്‍ 61 ശതമാനമാണ് വോട്ടിങ്ങ്. 17.9 ദശലക്ഷത്തിലധികം വോട്ടർമാർ 275 അംഗ ജനപ്രതിനിധി സഭയിലേയ്ക്കും പ്രവിശ്യാ അസംബ്ലികളിലേക്കും വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷത്തെത്തുടര്‍ന്ന് നാല് ജില്ലകളിലെ 15 പോളിംങ് സ്റ്റേഷനുകളിൽ വോട്ടിംങ്ങ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് മാറ്റിവച്ച സ്ഥലങ്ങളില്‍ രണ്ട് ദിവസത്തിനകം വോട്ടിങ് നടത്താനുള്ള നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version