Kerala

നിയമസഭാ സമ്മേളനം തുടങ്ങുന്നു: കെ എം മാണിയുടെ മകൻ സഭയ്ക്കൊപ്പമോ സർക്കാരിനൊപ്പമോ?

Published

on

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങുമ്പോൾ സർക്കാരിനെ കാത്തിരിക്കുന്നത് ശക്തമായ പ്രതിപക്ഷപ്രതിഷേധം. തിരുവനന്തപുരം നിയമസഭയിലെ നിയമന കത്ത് വിവാദവും വിഴിഞ്ഞം സമരവും സർക്കാർ ധൂർത്തും പ്രതിപക്ഷം ആയുധമാക്കും. സർക്കാർ – ​ഗവർണർ പോരിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാരിക്കുഴി തീർക്കാനാണ് സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ​ഗവർണറെ മാറ്റുന്ന ബിൽ ഈ സമ്മേളനത്തിൽ പാസാക്കും. ​ഗവർണറുടെ നയപ്രഖ്യാപനപ്രസം​ഗം ഒഴിവാക്കാനുള്ള കുറുക്കുവഴികളും സർക്കാർ തേടുന്നുണ്ട്. കേരള കോൺ​ഗ്രസ് എം നിലപാടുകളും നിയമസഭയ്ക്കുള്ളിലും പുറത്തും ചർച്ചയാകും.

വിഴിഞ്ഞം സംഭവത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺ​ഗ്രസ് എം നിയമസഭയിൽ എന്ത് നിലപാടെടുക്കും എന്നതും സർക്കാരിന് വെല്ലുവിളിയാണ്. വിഴിഞ്ഞം ചർച്ചയാകുമ്പോൾ കേരള കോൺ​ഗ്രസ് എം എം എൽ എ-മാർ സഭയ്ക്ക് അനുകൂലമായി സംസാരിക്കുമോ സർക്കാരിന് അനുകൂലമായി സംസാരിക്കുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. വിഴിഞ്ഞം സമരത്തിൽ സമരക്കാർക്ക് അനുകൂലമായാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി ആദ്യം പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലക്കാരനും ലത്തീൻ സമുദായാം​ഗവുമായ മന്ത്രി ആന്റണി രാജുവിനില്ലാത്ത വേദന ഇക്കാര്യത്തിൽ ജോസ് കെ മാണിക്കെന്തിനാണ് എന്ന ചോദ്യവും ഇടതുമുന്നണിയിൽ ഉയർന്നിരുന്നു.

ക്രിസ്ത്യൻ സഭകളെ ഇടത് മുന്നണി പിണക്കിയാൽ അതിന്റെ നഷ്ടം കേരള കോൺ​ഗ്രസ് എമ്മിനാണ് ഏറ്റവും കൂടുതൽ സംഭവിക്കുക എന്ന് മറ്റാരെക്കാളും നന്നായി ജോസ് കെ മാണിക്ക് അറിയാം. അതുകൊണ്ട് സമരക്കാരെ പരസ്യമായി തള്ളി ഒരു നിലപാട് കേരള കോൺ​ഗ്രസ് എം സഭയ്ക്കുള്ളിലും പുറത്തും എടുക്കില്ല. വിഴിഞ്ഞം സംഭവം സംബന്ധിച്ച് ഇടത് മുന്നണിയിൽ വിള്ളലുകളുണ്ടെന്ന് വ്യക്തമായാൽ അത് പ്രതിപക്ഷത്തിന് വലിയ നേട്ടമാവും.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം, സിൽവർ ലൈനിൽ നിന്നുള്ള പിൻമാറ്റം തുടങ്ങി സർക്കാരിനെതിരെ പ്രയോഗിക്കാൻ ആയുധങ്ങളേറെയാണ് പ്രതിപക്ഷത്തിന്. ശശി തരൂർ വിവാദം പോലെ പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന വിഷയങ്ങളുമുണ്ട്.

പതിനാല് സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് സഭാസമ്മേളനത്തിൻറെ ഹൈലൈറ്റ്. അക്കാദമികരംഗത്തെ പ്രമുഖരെ സർവ്വകലാശാല തലപ്പത്തിരുത്താനും ചെലവുകൾ സർവ്വകലാശാല തനതുഫണ്ടിൽ നിന്ന് ചെലവഴിക്കാനുള്ള നിർദ്ദേശങ്ങളുണ്ടാകും. സമാനസ്വഭാവമുള്ള സർവ്വകലാശാലകൾക്ക് ഒരു ചാൻസിലർ എന്ന രീതിയിൽ അഞ്ച് ബില്ലുകളാണ് തയ്യാറായിട്ടുളളത്. നിയമനിർമ്മാണത്തെ പ്രതിപക്ഷം എതിർക്കും. ഗവർണറുടെ ആർ എസ് എസ് ബന്ധം ഉയർത്തിക്കാട്ടിയുള്ള പ്രതിരോധം പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ഭരണപക്ഷം.

സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിരിക്കേ സ്പീക്കർ കസേരയിലെ ആദ്യ ഊഴം എ എൻ ഷംസീറിനും വെല്ലുവിളിയാണ്. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ജനുവരിയിലേക്ക് സമ്മേളനം നീട്ടാനുളള നീക്കത്തിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version