Business

നഴ്സുമാരെ ‘യുണൈറ്റഡ് ഫോഴ്സ്’ ആക്കി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

Published

on

ആരോഗ്യമേഖല എന്നാൽ ഡോക്ടർമാർ മാത്രമാണെന്നും ആ മേഖലയിലെ മറ്റു പ്രൊഫഷണലുകൾ വെറും പണിക്കാർ മാത്രമാണെന്നും ഡോക്ടർമാരും അവരുടെ സംഘടനയും സ്വയം കരുതുകയും പൊതുസമൂഹത്തെയും ഭരണകൂടത്തെയും വിശ്വസിപ്പിക്കുകയും ചെയ്ത ഒരു കാലമാണ് കഴിഞ്ഞു പോയത്. എന്നാൽ ഇക്കൂട്ടർ പലപ്പോഴും വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങളല്ല പിന്തുടരുന്നതെന്നും വൈദ്യവ്യവസായത്തിന്റെ മൂല്യങ്ങളാണ് പിന്തുടരുന്നതെന്നും പൗരസമൂഹം തിരിച്ചറിയാൻ തുടങ്ങിയ നാളുകളിൽ ആ വസ്തുത മറച്ചുപിടിക്കേണ്ട ബാധ്യതയുമായുള്ള പരക്കം പാച്ചിലിൽ പലപ്പോഴും അതുവരെ ഒളിച്ചുകടത്തിക്കൊണ്ടിരുന്ന പല വഴിതെറ്റിക്കലുകളും ഒളിക്കാതെ കടത്തേണ്ടത് അനിവാര്യമാക്കി.

ഈ സാഹചര്യമാണ് മൂല്യച്യുതി പരസ്യമായിത്തന്നെ പ്രകടിപ്പിച്ചുകൊണ്ടുള്ള കൈവിട്ട കളികൾക്ക് ഡോക്ടർമാർ നീങ്ങിയത്. അതിന്റെ ഭാഗമായാണ് ഡോക്ടർമാർക്കും ആശുപത്രി മാനേജ്മെന്റുകൾക്കും പലപ്പോഴും ഒരേ സ്വരമാവുന്നത്. പിന്നാമ്പുറത്തുകൂടി തങ്ങൾ പിന്തുണ കൊടുത്തുകൊണ്ടുള്ള ചില സംഘടനകളെ രംഗത്തിറക്കിയും കളിക്കുന്നുണ്ട്. ശാസ്ത്രവാദം മുന്നോട്ട് വെക്കുന്നു എന്ന വ്യാജേന ഡോക്ടർമാർക്കും അലോപ്പതി എന്നറിയപ്പെടുന്ന ആധുനികമരുന്ന് വ്യവസായത്തിനും വളമിടുന്ന, സമീപകാലത്ത് സജീവമായ ചില സംഘടനകളൊക്കെ ഇത്തരത്തിലുള്ളവയാണ്. അലോപ്പതി ഒഴികെ ആയുർവേദം ഉൾപ്പെടെയുള്ള മറ്റെല്ലാ ചികിത്സാവിധികളെയും പരിഹസിക്കുന്ന ഇത്തരം സംഘടനകളുടെ പൊള്ളത്തരം സാമൂഹ്യചിന്തകർ തെളിവുകൾ നിരത്തി വെളിവാക്കാറുമുണ്ട്. ചെറുതും വലുതുമായ പരമാവധി മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും പല തലങ്ങളിലെ രീതിശാസ്ത്രങ്ങളിലൂടെ തങ്ങൾക്കൊപ്പം നിറുത്തുക എന്നതും ഇവർ ലക്ഷ്യമിടുന്നു എന്നതും വലിയൊരു പരിധി വരെ അതിൽ വിജയം കാണുന്നു എന്നതും വാസ്തവമാണ്. തൃശ്ശൂർ ന്യൂസ് ഉൾപ്പെടെയുള്ള ചുരുക്കം ചില മാധ്യമസംവിധാനങ്ങൾ മാത്രമേ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ഇതിന് അപവാദമായി നിലനിൽക്കുന്നുള്ളൂ.

നഴ്സുമാർ ആരോഗ്യമേഖലയിൽ അനിവാര്യമായ പ്രൊഫഷണലുകൾ അല്ലെന്നും ആർക്കും ചെയ്യാവുന്ന ജോലിയാണ് നഴ്സിംഗ് എന്നും വരികൾക്കിടയിൽ ദ്യോതിപ്പിക്കുന്ന പ്രതികരണങ്ങൾ നടത്താറുള്ള ഡോക്ടർമാർ 5000 വരെയൊക്കെ മതി നഴ്സുമാർക്ക് ശമ്പളമെന്ന നിലപാടിലായിരുന്നു. പക്ഷേ, മികച്ച സേവനവേതനവ്യവസ്ഥകളുള്ള മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ഒഴുക്ക് വർദ്ധിച്ചപ്പോൾ ഭരണകൂടത്തോട് നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് നിയമം മൂലം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുക വഴി ഡോക്ടർമാർ പരിഹാസ്യരായത് അടുത്ത നാളുകളിലാണ്.

ഈ പശ്ചാത്തലത്തിലാണ് ജാസ്മിൻ ഷായുടെ രംഗപ്രവേശത്തിന്റെ പ്രസക്തി. തന്റേടി ആയ ആ യുവാവ് കുറച്ചു വർഷങ്ങൾക്കു മുമ്പ് തന്റെ നാട്ടിലെ നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് മൂക്കുകയറിടണമെന്നും നല്ലൊരു സംഘടന രൂപീകരിച്ച് ശക്തമായ നീക്കങ്ങൾ നടത്താതെ ഇതിനൊരു മാർഗ്ഗമില്ലെന്നുമുള്ള തീരുമാനത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ജന്മം കൊടുത്തു. മികച്ച നയതന്ത്രനീക്കങ്ങളിലും പ്രൊഫഷൻ രാഷ്ട്രീയമാണെന്ന പ്രഖ്യാപനത്തിലും ചടുലമായിരുന്നു ചുവടുവെപ്പുകൾ.

നഴ്സ് എന്ന് കേൾക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖവും ശാന്തമായ സമീപനവും മാത്രം ഓർമ്മവരുന്ന പൗരസമൂഹം തുടർന്നു കണ്ടത് മുഷ്ടി ചുരുട്ടുന്ന നഴ്സുമാരെ ആയിരുന്നു. അതെ, അക്ഷരാർത്ഥത്തിൽ നഴ്സിംഗ് മേഖല ആളിക്കത്തുകയായിരുന്നു. ഒരേസമയം നഴ്സിംഗുമായി ബന്ധപ്പെട്ട പല തലങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചതുമൂലം ചില പരിശ്രമങ്ങൾ ഫലം കാണാതിരുന്നാലും സമയനഷ്ടം സംഭവിക്കുന്നില്ല എന്ന ഗുണമുണ്ടായി.

കഴിഞ്ഞ ദിവസം തന്റെ മേഖലയിലുള്ളവരോട് നടത്തിയ ആശയവിനിമയത്തിൽ യു.എൻ.എ-യുടെ കർമ്മപദ്ധതിയുടെ ഭൂത-ഭാവി-വർത്തമാനങ്ങൾ ജാസ്മിൻ ഷാ വിശദീകരിക്കുന്നത് ഇങ്ങനെ:

“2030 ആവുമ്പോഴേക്കും 50000 രൂപ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ ശമ്പളം വാങ്ങുമെന്നത് യുഎൻഎയുടെ പ്രഖ്യാപിത നിലപാടാണ്. അതിൽ അൽഭുതപ്പെടുന്നവരുണ്ടെങ്കിൽ നമുക്ക് ചരിത്രം പരിശോധിക്കാം.

2011 നവംബർ 16 ന് യുഎൻഎ രൂപീകൃതമാകുമ്പോൾ ഒരു രൂപ പോലും ശമ്പളം വാങ്ങാതെ പണിയെടുത്തിരുന്നവരും എക്സ്പീരിയൻസ് ലഭിക്കാൻ മാനേജ്മെൻറിന് പണം നൽകി ജോലി ചെയ്തിരുന്നവരുമായിരുന്നു മഹാഭൂരിപക്ഷം നഴ്സുമാരും. ശമ്പളം കിട്ടിയവർക്കാവട്ടെ 500 മുതൽ പരമാവധി 3000 രൂപ വരെയും. 10000 രൂപ കുറഞ്ഞ കൂലിയായി കിട്ടണമെന്നാവശ്യപ്പെട്ട് 2011 ഡിസംബറിൽ യുഎൻഎ ആരംഭിച്ച സമരം കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയും ആയിരങ്ങൾ യുഎൻഎയുടെ ശുഭ്രപതാകക്ക് കീഴിൽ മുഷ്ടി ചുരുട്ടുകയും ചെയ്തപ്പോൾ 2013 ജനുവരി 1 മുതൽ പ്രാബല്യത്തോടെ ഏറ്റവും ചെറിയ ആശുപത്രികളിൽ 10000 രൂപയും ഏറ്റവും വലിയ ആശുപത്രിയിൽ 13500 രൂപയും നേഴ്സുമാർക്ക് ലഭിച്ചു. യുഎൻഎ സംഘടന ഉള്ളിടത്തെല്ലാം അത് നടപ്പിലാക്കിയതും തീക്ഷ്ണമായ പോരാട്ടത്തോടെയാണ്.

അതോടെ സംഘടന തകർക്കാൻ വലിയ ശ്രമമുണ്ടായി. സംഘടനയിൽ നിന്ന് ചിലരെ അടർത്തി യുഎൻഎ പൊളിഞ്ഞുവെന്ന് പ്രചാരണം നടത്തി. സംഘടനക്കെതിരെ അന്വേഷണങ്ങൾ നടന്നു. പക്ഷേ അതൊന്നും യുഎൻഎയെ ബാധിച്ചില്ല. 2016 ജനുവരി ആയപ്പോഴേക്കും സംഘടന യോഗം കൂടി 20000 രൂപ അടിസ്ഥാനശമ്പളമാക്കണമെന്നാവശ്യപ്പെട്ട് സമരപ്രഖ്യാപനം നടത്തി. പലരും മുഖം ചുളിച്ചു. ചിലർ പറഞ്ഞു നടക്കാത്ത സ്വപ്നമെന്ന്. എന്നാൽ യുഎൻഎ പോരാളികൾ ആ മുദ്രാവാക്യം നെഞ്ചോട് ചേർത്തിരുന്നു. അവർ മുഷ്ടി ചുരുട്ടി.

ലോകം കണ്ട ഏറ്റവും വലിയ നഴ്സിംഗ് പ്രക്ഷോഭത്തിൻ്റെ നാളുകളായിരുന്നു പിന്നീട്. ഒരു രൂപ കൂട്ടിയാൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെൻ്റ് അസോസിയേഷൻ പുലമ്പി. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് മുറവിളി ഉയർന്നു. നീതി തേടിയുള്ള യാത്രയിൽ തങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ വരും തലമുറക്ക് ഉണ്ടാവാൻ പാടില്ല എന്ന് ഉറച്ച നിലപാടുണ്ടായിരുന്ന യുഎൻഎ പോരാളികൾ തെരുവിലിറങ്ങി. ആശുപത്രികൾ നിശ്ചലമായി. സമരം കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു. നേഴ്സുമാർ സെക്രട്ടേറിയേറ്റിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രി 20000 രൂപ അടിസ്ഥാനശമ്പളം പ്രഖ്യാപിച്ചു. 6 മാസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങാത്തതിനെ തുടർന്ന് ചേർത്തല കെവിഎം ആശുപത്രിയുടെ മുന്നിൽ നിന്നും തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് ലോംഗ് മാർച്ച് പ്രഖ്യാപിച്ചു. അന്ന് രാത്രി 12 മണിക്ക് സർക്കാർ ഉത്തരവിറക്കി. ഏറ്റവും കുറഞ്ഞ ശമ്പളം 20000 രൂപയും ഉയർന്ന ശബളം 30000 രൂപയുമാക്കി. യുഎൻഎയുടെ 90% സ്ഥലങ്ങളിലും ആദ്യമാസം തന്നെ ഇത് നേടിയെടുത്തു.

കെഎൻഎംസി ഇലക്ഷൻ കൂടി തൂത്തുവാരിയതോടെ ശത്രുക്കളുടെ എണ്ണം കൂടി. ജനാധിപത്യത്തിലൂടെ ജയിച്ചവരെ അധികാരമേൽക്കാൻ അനുവദിച്ചില്ല. യുഎൻഎ നേതൃത്വത്തിനെതിരെ 2014ൽ ഉണ്ടായതിനേക്കാൾ രൂക്ഷമായ മാധ്യമവിചാരണ നടന്നു. ആരോപണങ്ങൾ ഉയർന്നു. അന്വേഷിക്കാൻ ഉത്തരവുണ്ടായി. പ്രാഥമിക അന്വേഷണസംഘം ക്ലീൻ ചിറ്റ് നൽകി. എന്നാൽ എഫ്ഐആർ ഇട്ട് വീണ്ടും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. ഞാനടക്കം 8 പേർക്കെതിരെ കേസെടുത്തു. ലുക്ക് ഔട്ട് നോട്ടീസിട്ടു. അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചു. എന്നാൽ ഇതിനോടകം 2020 ഒക്ടോബറിൽ പരിഷ്ക്കരിക്കേണ്ടിയിരുന്ന ആശുപത്രി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കിയില്ല. കേസന്വേഷണം എല്ലാ സീമകളും ലംഘിച്ചിരുന്നതിനാൽ യുഎൻഎക്ക് ഒരടി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഞങ്ങൾ ആരോടും പരിഭവം പറഞ്ഞില്ല. പിന്തുണ അഭ്യർത്ഥിച്ചില്ല. നിയമപരമായി തന്നെ നേരിട്ടു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചു. സ്വതന്ത്രസംഘടനയായ യുഎൻഎക്ക് ഇനിയൊരു വളർച്ച ഉണ്ടാവില്ല എന്ന് വിലയിരുത്തലുകളുണ്ടായി.

അന്വേഷണം പൂർത്തിയായി. അടുത്ത ദിവസം യുഎൻഎ യോഗം കൂടി. 40000 രൂപ ശമ്പളമാക്കണമെന്ന പുതിയ ആവശ്യം മുന്നോട്ട് വെച്ചു. അന്വേഷണം നടന്ന 5 വർഷവും ഒരു നയാ പൈസ മാനേജ്മെൻ്റുകൾ കൂട്ടിയില്ല. അംഗബലം സർവ്വകാലറെക്കോഡിലെത്തിയ യുഎൻഎക്ക് അംഗങ്ങളുടെ വിശ്വാസം തന്നെയായിരുന്നു പരമപ്രധാനം. 2022 ഡിസംബറിൽ കരിദിനസമരം നടത്തി. മാനേജ്മെൻറുകളോ അധികാരികളോ ഗൗരവത്തിലെടുത്തില്ല. ജനുവരി 5ന് സൂചനാപണിമുടക്ക് നടത്തി. അതും വലിയ കാര്യമായി മുതലാളിമാർക്ക് തോന്നിയില്ല. ഇനി സംഘടനാബലം കാണിക്കാനാണ് തീരുമാനം. ഞങ്ങൾക്കെതിരെ സകലശത്രുക്കളും ഒരുമിക്കുമെന്ന് അറിയാം. പക്ഷേ നേരിടാൻ കരുത്തുറ്റ പോരാളികളാണ് യുഎൻഎക്കുള്ളതെന്ന് കാലം തെളിയിക്കും.

ഇന്നലെ നടന്ന ചർച്ചയിൽ 150 കിടക്കകൾ മാത്രമുള്ള സൺ മെഡിക്കൽ & റിസേർച്ച് സെൻ്റർ യുഎൻഎയുമായി സർക്കാർ 40000 രൂപ ഉത്തരവിക്കുന്നത് വരെ ഇടക്കാലാശ്വാസമായി തുടക്കകാർക്ക് 3000 രൂപയും 8 വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്ക് 10000 രൂപയും വർദ്ധിപ്പിക്കാൻ ധാരണയായി. അതായത് 35000 രൂപയോളം ശമ്പളം വാങ്ങുന്ന നിരവധി പേരുള്ള യൂണിറ്റായി അത് മാറി. യുഎൻഎക്ക്‌ കീഴിലുള്ള ഏറ്റവും ചെറിയ ആശുപത്രി ഇത് നൽകാൻ തയ്യാറായി എന്നത് മാത്രമല്ല സർക്കാർ 40000 രൂപ പ്രഖ്യാപിച്ചാൽ അടുത്ത ദിവസം അത് നൽകുമെന്ന ഉറപ്പും നൽകി. കഴിഞ്ഞ ദിവസം നടന്ന ഹൈക്കോടതി മീഡിയേഷനിൽ ഒരു രൂപ പോലും നിലവിലെ സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്ക് കൂട്ടി നൽകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിച്ചവരാണ് മാനേജ്മെൻ്റ് അസോസിയേഷൻ.

സർക്കാർ 40000 രൂപ അടിസ്ഥാനവേതനമായി പ്രഖ്യാപിച്ചാൽ 2030-ലേക്ക് വെച്ച ലക്ഷ്യം 2023-ൽ നേടിയെടുക്കാൻ നഴ്സിംഗ് സമൂഹത്തിന് കഴിയും. അതിനുള്ള പോരാട്ടത്തിലാണ് യുഎൻഎയും നഴ്സിംഗ് സമൂഹവും. ഏപ്രിൽ 11, 12, 13 തീയ്യതികളിൽ പണിമുടക്ക് നടക്കുമ്പോൾ അതിനെ പിന്തുണക്കാൻ ലോകത്തെമ്പാടുമുള്ള നഴ്സുമാരും നഴ്സിംഗ് കുടുംബാംഗങ്ങളും തയ്യാറാവുക. കാരണം കേരളത്തിൽ ശമ്പളം വർദ്ധിച്ചാൽ ലോകത്തെമ്പാടും ശമ്പളം കൂട്ടേണ്ടി വരും എന്നത് കേരളം നഴ്സിംഗ് മേഖലക്ക് നൽകുന്ന സംഭാവനയാണ്. മുൻപ് ഒരാൾ വിശേഷിപ്പിച്ചപോലെ God’s Own Country എന്നത് പോലെ പറയാവുന്ന ഒരു വിശേഷണമാണ് Nurses Own County എന്നത്.

നേരിടാൻ പോവുന്നത് വലിയ സാമ്പത്തിക കരുത്തും രാഷ്ട്രീയവിലപേശൽ ശേഷിയുമുള്ള മത-സാമുദായിക-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെയാണ്. മാധ്യമങ്ങളെ വരെ വിലക്കെടുക്കാൻ ശേഷിയുള്ള അവർ ആയുധങ്ങൾ മൂർച്ച കൂട്ടുന്നുണ്ട്. പക്ഷേ തോൽക്കാൻ തയ്യാറാവാത്ത, അതിജീവനത്തിനുവേണ്ടി പോരാടുന്ന ഒരു സമൂഹത്തെ തോൽപ്പിക്കാൻ എതിരാളികളുടെ ആയുധങ്ങൾക്ക് മൂർച്ച പോരാതെ വരും.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version