Art

ഡബ്ല്യുസിസി; ദിശ ശരിയോ?

Published

on

ഒരു ജനപ്രിയ വിനോദവ്യവസായമാണ് സിനിമ. മലയാളസിനിമയുടെ തനത് വിപണി വളരെ ചെറുതാണ്. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) ഈ വ്യവസായവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഒരു സംഘടനയാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിനകത്ത് സാമൂഹികമാറ്റം കൊണ്ടുവരുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്ന മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന പ്രഖ്യാപനവുമായാണ് ഡബ്ല്യുസിസി പിറവിയെടുത്തത്.

അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, എഴുത്തുകാർ എന്നിവരുൾപ്പെടെ മലയാള സിനിമാ വ്യവസായത്തിലെ ഒരു കൂട്ടം പ്രമുഖവനിതകൾ ചേർന്ന് സ്ഥാപിച്ച ഡബ്ല്യുസിസി ഈ വ്യവസായമേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്മയും പുരുഷാധിപത്യമനോഭാവത്തിന്റെ അതിപ്രസരവും സംബന്ധിച്ച് വലിയ കാമ്പയിനുകൾക്കാണ് തുടക്കം കുറിച്ചത്. സ്ത്രീകൾക്ക് അഭിവൃദ്ധി പ്രാപിക്കാനും വ്യവസായത്തിൽ തുല്യരായി കാണാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നത് എന്നതാണ് അതിലെ പ്രമുഖരുടെ പക്ഷം.

ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ഭൂകമ്പമാണ് ഈ കൂട്ടായ്മ ഉണ്ടാക്കിയത്. സ്ത്രീകൾ നയിക്കുന്ന പ്രോജക്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക, വിഭവങ്ങളുടെയും അവസരങ്ങളുടെയും കൂടുതൽ തുല്യമായ വിതരണം സൃഷ്ടിക്കുക, ലിംഗ അസമത്വത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യവസായത്തിലെ സ്ത്രീകൾക്ക് സംസാരിക്കാനുള്ള വേദി ഒരുക്കുക എന്നിങ്ങനെയുള്ള വിഷയങ്ങളിൽ വ്യവസായത്തിൽ ചർച്ചകൾ കൊണ്ടുവരുന്നതിൽ ഈ സംഘടന നിർണായകപങ്ക് വഹിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ സംഘടന തുടക്കം മുതൽ ചില ചോദ്യങ്ങൾ നേരിടുന്നുണ്ട്. ജനാധിപത്യം അടിസ്ഥാനഭാവമായ ആധുനികസമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെ ഇവർ വേണ്ടവിധം അംഗീകരിക്കുന്നില്ല എന്നുതുടങ്ങി ഒട്ടനവധി ആശങ്കകൾ ഈ സംഘടനയെക്കുറിച്ച് സാമൂഹ്യചിന്തകർ ഉന്നയിച്ചിട്ടുണ്ട്. പ്രോ റൈറ്റ് – പ്രോ ഫെമിനിസ്റ്റ് ധാരയുടെ പതാകവാഹകർ എന്നതിൽക്കവിഞ്ഞുള്ള സാമൂഹ്യപ്രസക്തി ഇവർക്കില്ല എന്നും പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു.

ഏത് വിഷയങ്ങളെയും ആൺ-പെൺ ദ്വന്ദത്തെ അച്ചുതണ്ടാക്കി ഏകപക്ഷീയസമീപനം ചര്യയാക്കുന്ന ഇവർ വ്യവസായമെന്ന നിലയിൽ മലയാളസിനിമയുടെ ശവപ്പെട്ടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ്. വസ്തുനിഷ്ഠമായി വിഷയങ്ങളെ വിശകലനം ചെയ്യുന്നവർക്കുനേരെ ഭർത്സനം എയ്തുവിടുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഇവർ തങ്ങൾ പറയുന്നതേ സമൂഹത്തിൽ ചർച്ചയാകാവൂ എന്ന നിർബന്ധബുദ്ധി കാണിക്കുന്നതിൽ ദുരൂഹതയുണ്ട്.

വ്യവസായത്തിന്റെ ഭാഗമായി നിൽക്കുന്ന പുരുഷസമൂഹം തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കണമെന്ന അജണ്ടയിലാണ് ഈ സംഘടന മുന്നോട്ട് പോവുന്നതെന്ന സന്ദേഹം ആരെങ്കിലും ഉന്നയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സമീപകാലത്ത് ഇവരുടെ നേതാക്കൾ എന്നവകാശപ്പെടുന്നവർ പല വിഷയങ്ങളിലും സ്വീകരിച്ച നിലപാടുകൾ തെളിയിക്കുന്നു. തികച്ചും വ്യക്തിപരമായ ധാരണപ്പിശകുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന തർക്കങ്ങളെപ്പോലും സ്ത്രീപീഠനമെന്ന രീതിയിലേക്ക് വഴിതിരിച്ചുവിടാൻ ഇവർ കാണിക്കുന്ന അത്യുത്സാഹം ജുഗുപ്സാവഹമാണ്. പ്രോ റൈറ്റ് – പ്രോ ഫെമിനിസ്റ്റ് ധാരയുടെ മുഖരൂപമായി ഉപയോഗിക്കപ്പെടുന്ന ആയുധമാണ് ഏതെങ്കിലും പുരുഷനെതിരെ ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി ഇരയായ പുരുഷന്റെ സാമൂഹികാന്തസ്സിന് നേരെ വെല്ലുവിളി ഉയർത്തി വിലപേശലിന്റെ പിന്നാമ്പുറമൊരുക്കുക എന്നത്. ഈ വഴിയിൽ തന്നെയാണ് ഈ സംഘടനയുടെയും സഞ്ചാരം.

വ്യവസായമെന്ന അസ്തിത്വത്തിന്റെ പ്രായോഗികതക്ക് നിരക്കാത്ത വാദഗതികൾ ഉന്നയിക്കുന്നതും ഇവരുടെ ഉദ്ദേശശുദ്ധിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അനിവാര്യതാ-പ്രതിഫലനിർണ്ണയരീതിശാസ്ത്രത്തെക്കാൾ സാന്നിധ്യ-പ്രതിഫലനിർണ്ണയരീതിശാസ്ത്രത്തെ പുണരുന്ന ഇവർ അതുവഴി ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽനിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുന്നതിലൂടെ യഥാർത്ഥത്തിൽ കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രാവർത്തികമാക്കുന്നത്. സത്യസന്ധമായി വിഷയങ്ങളെ വിശകലനം ചെയ്ത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവർക്കെതിരെ ഇവർ നടത്തുന്ന വന്യമായ ആക്രമണസ്വഭാവം ഇവരിലെ രഹസ്യ അജണ്ടയുടെ പ്രതിഫലനമാണ്.

സമത്വത്തിന് പകരം മേധാവിത്വം വളഞ്ഞ വഴിയിൽ നേടുക എന്ന ഇവരുടെ വിഷജന്യലക്ഷ്യം ഫലപ്രാപ്തിയിലെത്താതിരിക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തണം. ഇവർ പുനർവിചിന്തനം നടത്തി സമൂഹത്തിൽ പുരോഗമനാത്മകധാരയെ പ്രതിനിധാനം ചെയ്യുന്നവരാവുന്ന നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കാം.

***************

– ശ്വേത രാജ് 

***************

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version