Business

ട്വിറ്ററിൽ പിരിച്ചുവിടേണ്ടവരുടെ പട്ടിക കൈമാറാൻ മാനേജർമാർക്ക് ഇലോൺ മസ്കിന്റെ നിർദ്ദേശം

Published

on

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് ഇലോൺ മസ്കിന്റെ നിർദ്ദേശം. ഏഴായിരത്തി അഞ്ഞൂറിലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ മസ്ക് നൽകിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് പിരിച്ചുവിടലുകൾ പൂർത്തിയാക്കാനാണ് നീക്കമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ട് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണ് മസ്ക് ലക്ഷ്യമിടുന്നതെന്നാണ് കരുതുന്നത്.

ട്വിറ്ററിൽ നിന്ന് മസ്ക് പുറത്താക്കിയ സിഇഒ പരാഗ് അഗ്രവാളിനും സംഘത്തിനും കരാർ പ്രകാരമുള്ള നഷ്ടപരിഹാരം നൽകാതിരിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് തെറ്റായ വിവരം നൽകി കബളിപ്പിക്കുകയായിരുന്നു പരാഗ് അഗ്രവാൾ അടക്കമുള്ള ഉദ്യോഗസ്ഥർ എന്ന് മസ്‌ക് ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് നഷ്ടപരിഹാരം കുറയ്ക്കാനാണ് നീക്കം. പ്രത്യേക കാരണമില്ലാതെ കാലാവധിക്ക് മുമ്പ് പുറത്താക്കിയതിലൂടെ മുതി‍ർന്ന ഉദ്യോഗസ്ഥ‍ർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുന്നത് ഇതിലൂടെ മറികടക്കാനാകുമെന്നാണ് മസ്കിന്റെ കണക്കുകൂട്ടൽ.

ട്വിറ്ററിൽ ജീവനക്കാരെ കുറയ്ക്കേണ്ടതിന്റെ ആവശ്യം നേരത്തെ തന്നെ മസ്ക് സൂചിപ്പിച്ചിരുന്നു. എന്നാൽ ആ തീരുമാനം നടപ്പിലാവുമ്പോൾ നേരത്തേ കണക്കുകൂട്ടിയതിലും അധികം ജീവനക്കാർ പുറത്തുപോവേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ‘ട്വിറ്റ‌‍ർ ഏറ്റെടുക്കും, ജീവനക്കാരെ കുറയ്ക്കും, നിയമങ്ങളിൽ മാറ്റം വരുത്തും, പുതിയ വരുമാനസ്രോതസ്സുകൾ കണ്ടെത്തും’; ഇതായിരുന്നു ഏറ്റെടുക്കലിന് മുന്നോടിയായി ഇലോൺ മസ്ക് നിക്ഷേപകർക്ക് മുന്നിൽ വച്ച പാക്കേജ്. 44 ബില്ല്യൺ യുഎസ് ഡോളറിനായിരുന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാണകമ്പനിയായ ടെസ്‍ലയുടേയും സ്പേസ് എക്സിന്റെയും ഉടമസ്ഥൻ ഇലോൺ മസ്ക് ട്വിറ്റ‌ർ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version