Kerala

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ രാജ്ഭവന്റെ തീരുമാനം കാത്ത് സർക്കാർ

Published

on

14 സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ രാജ്ഭവൻ തീരുമാനം കാത്ത് സംസ്ഥാന സർക്കാർ. ദില്ലിക്ക് പോയ ഗവർണർ ഈ മാസം 20 നു തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കാനാണ് സാധ്യത. നിയമവിദഗ്ദ്ധരുമായി ആലോചിച്ചാവും തീരുമാനം. ഓർഡിനൻസിന് പിന്നാലെ സഭാസമ്മേളനം വിളിച്ചു ബിൽ കൊണ്ടുവരാനും സർക്കാർ നീക്കമുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനം എടുക്കും.

അതേസമയം ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. അടുത്ത മാസം ചേരുന്ന സഭാസമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്മസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യം വരെ കൊണ്ടുപോവാനാണ് ആലോചന. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം. സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം നീട്ടിവെയ്ക്കാനാണ് ഈ പഴുത് ഉപയോഗിക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു തുടങ്ങി.

ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. സമ്മേളനം 15ന് പിരിയാതെ താൽക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്മസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപനപ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടാതെ അവസാനനിമിഷം വരെ സര്‍ക്കാരിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. സമാനമായ അവസ്ഥ ഒഴിവാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം. പക്ഷെ ജനുവരി ആദ്യവാരം സഭാസമ്മേളനം അവസാനിച്ചാൽ പിന്നീട് ചേരുന്ന സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നിർബന്ധമാണ്. 1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബർ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version