Crime

ഗ്രീഷ്മയുടേത് കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണം; ക്രിമിനലിസം പുരുഷന്റെ കുത്തകയല്ലെന്ന് വിദഗ്ദർ

Published

on

എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിൻെറ കൊലപാതകത്തിൻെറ ചുരുള് അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും തെളിവുകള് നശിപ്പിച്ചതിനെക്കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും.
വിദ്യാർത്ഥിനിയായ 22കാരി നടത്തിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളമെന്ന ചിന്ത തന്നെ പൊള്ളയാണെന്ന് സാമൂഹ്യശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. സ്ത്രീകൾ പൊതുവേ ഗൗരവതരമായ കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്നും പുരുഷന്മാർക്ക് മാത്രമേ അതീവഗൗരവതാരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയൂ എന്നുമുള്ള തെറ്റായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടത്തെ പൊതുബോധവും നിയമങ്ങളും നിൽക്കുന്നതെന്നത് അതിമൂഢസമൂഹത്തിന്റെ ലക്ഷണമാണെന്നും ഇത് വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ഇത്തരം മണ്ടൻ നിയമങ്ങൾ പൗരതുല്യതയെ അടിസ്ഥാനമാക്കി പരിഷ്കരിക്കേണ്ടതുണ്ടെന്നും അഭിപ്രായങ്ങളുയരുന്നു.
കൊടുംക്രിമിനലുകളെപ്പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് ഗ്രീഷ്മ തന്റെ സുഹൃത്തിനെ എന്നേന്നേക്കുമായി ഇല്ലാതാക്കിയത്. പക്ഷേ ഷാരോണിനെ ഒഴിവാക്കാൻ മെനഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെ ഗ്രീഷ്മയ്ക്ക് വിനയായി.
നിരന്തരം ജ്യൂസ് ചലഞ്ചുകൾ നടത്തി താൻ നാളെ എന്ത് കൊടുത്താലും കുടിക്കുമെന്നത് ഉറപ്പിക്കാനായിരുന്നു 22കാരിയുടെ ആദ്യശ്രമം. ജ്യൂസിൽ വിഷം കലർത്തിയാൽ രുചിവ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസിൽ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റി. തന്റെ അമ്മ കുടിച്ചിരുന്ന കഷായം താൻ കുടിക്കുന്ന കഷായമാക്കി ഷാരോണിന്റെ മുമ്പിൽ അവതരിപ്പിച്ചു. അങ്ങേയറ്റം ചവർപ്പുളള തന്റെ കഷായം ഒരു വട്ടമെങ്കിലും കുടിച്ചു നോക്കിയാലേ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാവുകയുളളൂവെന്ന് ഷാരോണിനെ ബോധ്യപ്പെടുത്താനായി അടുത്ത ശ്രമങ്ങൾ. ജ്യൂസ് ചലഞ്ച് അങ്ങനെ കഷായചലഞ്ചായി. വീട്ടിലെത്തിയ ഷാരോണ് സുഹൃത്തിനോടുളള സ്നേഹത്തിൽ അതിനും നിന്നുകൊടുത്തു. അതോടെ ഷാരോണിന്റെ ആരോഗ്യസ്ഥിതി മോശവും ഗുരുതരവുമായി. അപ്പോഴും ഗ്രീഷ്മയിലെ ക്രിമിനൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ചികിത്സയിലുളള ഷാരോണിന് കഷായത്തെക്കുറിച്ചുളള സംശയം ഇല്ലാതാക്കാൻ ജ്യൂസായിരിക്കും പ്രശ്നമെന്ന് പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചു.
സന്തോഷകരമായ പുതിയ ജീവിതത്തിന് ഷാരോണ് എന്നേന്നേക്കുമായി ഇല്ലാതായി എന്നുറപ്പിച്ചപ്പോഴും ഗ്രീഷ്മ അഭിനയം നിർത്താതെ ഒരു അന്ധവിശ്വാസകഥ മെനയാനും ശ്രമിച്ചു. തന്നെ ആദ്യം കല്ല്യാണം കഴിക്കുന്ന ആൾക്ക് ചുരുക്കായുസ്സായിരിക്കുമെന്നും പറഞ്ഞുറപ്പിക്കാനായിരുന്നു ശ്രമം. ആ ജ്യോത്സ്യകഥ ഷാരോണിന്റെ കുടുംബത്തിൽ സംശയമുണ്ടാക്കി. ചോദ്യം ചെയ്യലിൽ ഈ അന്ധവിശ്വാസകഥയൊക്കെ പൊളളയാണെന്ന് തെളിഞ്ഞു. വിഷം കണ്ടെത്താനായി ​ഗ്രീഷ്മ ഇന്റർനെറ്റ് സഹായവും തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version