National

ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാം; കെജ്‌രിവാളിലെ രാഷ്ട്രീയതന്ത്രജ്ഞന്റെ കണക്കുകൂട്ടിയുള്ള നീക്കം

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്ത് പിടിയ്ക്കാനുള്ള ശ്രമങ്ങളുമായി ആംആദ്മി പാർട്ടി കുതിക്കുന്നു. അരവിന്ദ് കെജ്‌രിവാൾ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിന്‍ ആരംഭിച്ചു. ‘ചൂസ് യുവർ മുഖ്യമന്ത്രി’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികൾ സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന വാഗ്ദാനപെരുമഴ തന്നെ വർഷിച്ചുകൊണ്ടുമാണ് കെജ്രിവാൾ ഗുജറാത്ത് പിടിക്കാൻ പ്രചാരണം നടത്തുന്നത്.

“ജനങ്ങൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽനിന്നും തൊഴിലില്ലായ്മയിൽനിന്നും ആശ്വാസം വേണം. ഒരു വർഷം മുമ്പ് ബിജെപി മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണി. എന്തുകൊണ്ട് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നു? ഇതിനർത്ഥം വിജയ് രൂപാണിക്ക് എന്തോ കുഴപ്പമുണ്ടെന്നാണോ?” കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

“വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോൾ പൊതുജനങ്ങളോട് ചോദിച്ചില്ല. ദില്ലിയിൽനിന്നായിരുന്നു തീരുമാനം. ജനാധിപത്യത്തിൽ ജനങ്ങളാണ് മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കേണ്ടത്. 2016ൽ ബിജെപി ചോദിച്ചില്ല; 2021ലും ചോദിച്ചില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാവണമെന്ന് ഞങ്ങൾ ജനങ്ങളോടാണ് ചോദിച്ചത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാനെ തീരുമാനിച്ചു” എഎപി നേതാവ് പറഞ്ഞു.

“ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോവുന്നു. ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയിരിക്കും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രി. നിങ്ങളുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഞങ്ങളോട് പറയാൻ ഞങ്ങൾ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു”; കെജ്രിവാൾ വിശദീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയാൻ 6357000360 എന്ന നമ്പർ നൽകിയിട്ടുണ്ട്. ഈ നമ്പറിൽ എസ്എംഎസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുകയോ വോയ്‌സ് സന്ദേശം അയയ്‌ക്കുകയോ ചെയ്യാം. aapnocm@gmail.com എന്ന ഇമെയിലിലും അറിയിക്കാം എന്നാണ് എഎപി പറയുന്നത്. ഈ നമ്പർ നവംബർ 3 ന് വൈകുന്നേരം 5:00 മണി വരെ പ്രവർത്തനക്ഷമമായിരിക്കും. ഫലങ്ങൾ നവംബർ 4-ന് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുമെന്നും കെജരിവാൾ വ്യക്തമാക്കി. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനമായിരിക്കും നടക്കുക. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version