Crime

ഗാര്‍ഹിക പീഢനം: ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്‍; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

Published

on

ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഢനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021 ല്‍ ആത്മഹത്യ ചെയ്തതില്‍ 72 ശതമാനവും പുരുഷന്‍മാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യ തടയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ 1,18,979 പുരുഷന്മാരും 45,027 സ്ത്രീകളുമാണ് എന്ന് മഹേഷ്‌കുമാര്‍ തിവാരി ഹര്‍ജിയില്‍ പറയുന്നു.

33.2 ശതമാനം പുരുഷന്മാര്‍ കുടുംബ പ്രശ്നങ്ങള്‍ കാരണവും 4.8 ശതമാനം പുരുഷന്മാര്‍ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണവുമാണ് ആത്മഹത്യ ചെയ്തതെന്നാണ് എന്‍സിആര്‍ബി കണക്കുകള്‍ മുന്‍നിര്‍ത്തി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പുരുഷന്മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ഗാര്‍ഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതികൾ സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

സ്ത്രീപുരുഷാനുപാതത്തിലെ ആത്മഹത്യ സംബന്ധിച്ചുള്ള എൻസിആർബി-യുടെ കണക്കുകളിൽ പുരുഷന്മാരാണ് കൂടുതലായി പീഢിപ്പിക്കപ്പെടുന്നതും ആത്മഹത്യയിൽ അഭയം തേടുന്നതെന്നുമുള്ള വസ്തുത പുറത്തുവന്നപ്പോൾ മാധ്യമങ്ങൾ ഈ വിഷയം തമസ്കരിച്ചതിനുപിന്നിലെ നിലപാട് നിഷ്കളങ്കമല്ലെന്നും ഈ രീതി പ്രോ ഫെമിനിസ്റ്റ് തീവ്രവാദത്തിന് അടിവളമാവുന്നുണ്ടെന്നും അത് സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്നും സാമൂഹികചിന്തകരും പൗരാവകാശപ്രവർത്തകരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version