Kerala

കേരളത്തിൽ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദശക്തികളെന്ന് കെ സുരേന്ദ്രൻ

Published

on

കേരളത്തിൽ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദശക്തികളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ചതിലൂടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ നിലപാടാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

വോട്ടുബാങ്കിനുവേണ്ടി നവോത്ഥാനമൂല്യങ്ങളെ സർക്കാർ ചവിട്ടി മെതിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യാവകാശത്തെയാണ് മതമൗലികവാദികളുടെ ഭീഷണിക്കുമുമ്പിൽ സർക്കാർ അടിയറവ് വെച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ജെൻഡർ ക്യാമ്പയിൻറെ ഭാഗമായി സി ഡി എസ് അംഗങ്ങൾക്ക് ചൊല്ലാൻ നൽകിയ ലിംഗസമത്വപ്രതിജ്ഞയാണ് കുടുംബശ്രീ പിൻവലിച്ചത്. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമർശം വിവാദമായിരുന്നു. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണ് മുസ്ലീം സംഘടനകളുടെെ എതിർപ്പിനെത്തുടർന്ന് സർക്കാർ പിൻവലിച്ചത്.

സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം നടപ്പാക്കുന്നതിൽനിന്നും വഖഫ് ബോർഡ് നിയമനങ്ങൾ പി എസ്‌ സി-ക്ക് വിടുന്നതിൽനിന്നും സമാനമായ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിൻമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version