Article/Openion

കെയുഡബ്ല്യുജെ-യുടെ വൈരുധ്യാത്മകപ്രതികരണവാദം!

Published

on

ഏഷ്യാനെറ്റ് ചെയ്ത ഒരു വാർത്താപരിപാടിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് ഉയർന്ന തർക്കവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് നടത്തിയ പ്രകടനാദി പ്രവൃത്തികൾ ഇന്ന് പ്രബുദ്ധമലയാളം ചർച്ച ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ഇരുവശത്തെയും നിയമപരമായ ശരിതെറ്റുകൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ഈ വിഷയത്തെ ജനാധിപത്യപരമായ സാമൂഹ്യമൂല്യബോധാടിസ്ഥാനത്തിലും വായിച്ചെടുക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ഏതെങ്കിലും വിഷയാവതരണവുമായി ബന്ധപ്പെട്ട് വസ്തുതാപരമായ കള്ളപ്രചരണം നടത്തിയെങ്കിൽ ന്യായീകരിക്കത്തക്കതല്ല. ആ വിഷയം കൈകാര്യം ചെയ്യാൻ നിയമവാഴ്ചയുള്ള ജനാധിപത്യസമൂഹത്തിൽ വ്യവസ്ഥാപിതരീതിശാസ്ത്രങ്ങളുണ്ട്. അത് കണക്കിലെടുക്കാതെ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്വകാര്യമായ ഇടത്തിൽ കടന്നുകയറാനോ അതിക്രമം കാണിക്കാനോ ആരുടെ ഭാഗത്തുനിന്നും നീക്കമുണ്ടാവുന്നത് ലളിതയുക്തിയുടെ സാമാന്യവത്കരണത്താൽ അവഗണിക്കാവുന്ന പ്രവണതയല്ല. ഇത്തരം പ്രവൃത്തികളിലൂടെയാണ് പല നാടുകളും സ്വകാര്യസംരക്ഷണസേനയിലേക്കും തുടർന്ന് മാഫിയാവത്കരണത്തിലേക്കുമെത്തുന്ന അരാജകത്വപാതയിലേക്ക് നടന്നടുത്തത് എന്നതിന് ചരിത്രം സാക്ഷിയാണ്.

ഒരു നാട് അരാജകവഴിയിലേക്ക് സഞ്ചാരം തുടങ്ങുന്നത് പക്വസമൂഹനിർമ്മിതിയേക്കാൾ ആൾക്കൂട്ടവൈകാരികതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഭരണസംവിധാനത്തിൽ രൂപപ്പെടുമ്പോഴാണ്. ജൈവികവികാരങ്ങളെ പല തലങ്ങളിൽ നിയന്ത്രിച്ചുതന്നെയാണ് മനുഷ്യസമൂഹം സാമൂഹ്യശരിജീവിതം വിജയിപ്പിച്ചു വന്നത്. വികാരത്തെ വിവേകത്തിന് കീഴ്പ്പെടുത്തുക എന്നത് സമൂഹത്തിന്റെ പുരോഗമനാത്മകക്രിയാത്മകതക്ക് അനിവാര്യം. അതിൽ വീഴ്ച വരുത്തുന്ന ഭരണസംവിധാനങ്ങൾക്കുവേണ്ടി ഏതൊരു നാടും വലിയ ശിക്ഷകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഭരണകൂടപിന്തുണയുള്ള വിഭാഗങ്ങളിൽനിന്നുതന്നെ ഇത്തരം കുത്സിതനീക്കങ്ങളുണ്ടാവുന്നതിന് ഗൗരവമേറെയാണ്. ഇതിനെതിരെ ജനാധിപത്യപരമായി ഒറ്റയായോ കൂട്ടമായോ പ്രതിഷേധിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്.

മാധ്യമപ്രവർത്തകസംഘടന ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്; തീർച്ചയായും അതനിവാര്യവുമാണ്. എന്നാൽ അതിലൊരു വൈരുധ്യാത്മകപ്രതികരണവാദസൗന്ദര്യമുണ്ട്. യഥാർത്ഥത്തിൽ ഇത് മാധ്യമപ്രവർത്തകരുടെ സംഘടനയോ അതോ മാധ്യമസ്ഥാപനസംഘടനയോ എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമസ്ഥാപനങ്ങളിലേക്ക് നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്ന അത്ര കുതിരശക്തി പലപ്പോഴും ഈ സംഘടന മാധ്യമപ്രവർത്തകർക്കുനേരെ നടക്കുന്ന അതിക്രമങ്ങളോട് കാണിക്കാറില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് വിനു വി ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപോസ്റ്ററുകൾ പതിപ്പിച്ച വിഷയം സമീപകാലത്തെ ഉദാഹരണം.

ഈയൊരു പശ്ചാത്തലത്തിൽ ഈ സംഘടന യഥാർത്ഥത്തിൽ നിലനിൽക്കുന്നത് മാധ്യമപ്രവർത്തകർക്കുവേണ്ടിതന്നെയോ എന്ന ചോദ്യം പ്രസക്തമാവുന്നു. മലയാളപൊതുബോധം ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ സംശയം പ്രകടിപ്പിക്കുമ്പോൾ ഉത്തരം നൽകേണ്ടത് ഈ സംഘടനയുടെ നേതൃത്വത്തിലുള്ളവരെന്ന് അവകാശപ്പെടുന്നവർ തന്നെയാണ്. ജനാധിപത്യവ്യവസ്ഥിതിയുടെ നാലാംതൂണെന്ന പ്രസക്തി ഈ വിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകസംഘടനയുടെ സാമൂഹികബാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

ഒഴിഞ്ഞുമാറാനാവില്ല മാധ്യമപ്രവർത്തകസംഘടനക്ക്, പൗരബോധ്യം ഉയർത്തുന്ന ചോദ്യശരങ്ങളിൽനിന്ന്!!!

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version