Kerala

കെഎസ്‍യു പുനഃസംഘടനക്ക് പിന്നാലെ പരസ്യ പ്രതിഷേധം

Published

on

കെ എസ്‍ യു പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗം. നിലവിലെ കമ്മറ്റിയിലെ ഈ വിഭാഗം സാമൂഹികമാധ്യമങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ചിത്രത്തോടെ അയോഗ്യത അഭിമാനം എന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് കെ എസ്‌ യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ രംഗത്ത് വന്നത്.

എറണാകുളം ജില്ലാ അധ്യക്ഷനായിരുന്ന അലോഷ്യസ് സേവ്യര്‍ ആണ് കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പുതിയ സംസ്ഥാന അധ്യക്ഷൻ. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന് എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറിയായി പുതിയ നിയമനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കെ എസ്‍ യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. 2017-ൽ നടത്തിയ പുനഃസംഘടനയിലൂടെയാണ് അഭിജിത്ത് കെ എസ്‍ യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. രണ്ട് വര്‍ഷമായിരുന്നു കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടര്‍ന്നു.

എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യര്‍ ഇടുക്കി സ്വദേശിയാണെങ്കിലും എറണാകുളം ജില്ലാ പ്രസിഡൻ്റായിപ്രവർത്തിച്ചുവരികയായിരുന്നു. ഉമ്മൻ ചാണ്ടിയാണ് കെ എസ്‍ യു അധ്യക്ഷസ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിൻ്റെ പേര് ശക്തമായി നിര്‍ദേശിച്ചത്. വി ഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിര്‍പ്പുകൾ മറികടന്ന് പദവി ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version