Art

ഓലഞ്ഞാലിക്കുരുവിക്ക് പനിനീർപ്പൂക്കൾ

Published

on

വാണി ജയറാമിനെ പാർവ്വതി ബഹാർ അനുസ്മരിക്കുന്നു

***************

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായിക വാണി ജയറാം (1945-2023) എന്ന കലൈവാണി, ദുരൈസ്വാമിയുടേയും പത്മാവതിയുടേയും മകളായി 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. സംഗീതബന്ധമുള്ള കുടുംബത്തിൽ ജനിച്ച വാണി എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവർ കർണാടകസംഗീതവും ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാൻ ഹിന്ദുസ്ഥാനി സംഗീതവും പഠിപ്പിച്ചു. ചെന്നൈ ക്വീൻ മേരി കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബി.എ. ബിരുദം നേടി ബാങ്ക് ഉദ്യോഗസ്ഥയായി.

1960കളിൽ തമിഴ് സിനിമകളിൽ പിന്നണിഗായികയായി വൈകാതെ വലിയ ആരാധകവൃന്ദത്തെ നേടി. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ വളർച്ചയുടെ അടുത്ത ഘട്ടം. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ അവർ ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ വമ്പൻ സംഗീതസംവിധായകരുടെ ഗാനങ്ങൾക്ക് ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ ഗാനങ്ങൾക്ക് ശബ്ദം നല്കി.

1973-ൽ ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരി വാണിയെ മലയാളത്തിലേക്ക് കൊണ്ടുവന്നു. ഈ ചിത്രത്തിലെ ‘സൗരയുഥത്തിൽ വിടർന്നൊരു…’ എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി. ആഷാഢമാസം ആത്മാവിൻ മോക്ഷം… ഏതോ ജന്മകല്പനയിൽ… സീമന്തരേഖയിൽ… നാദാപുരം പള്ളിയിലെ… തിരുവോണപുലരിതൻ… പകൽ സ്വപ്നത്തിൻ പവനുരുക്കും… തുടങ്ങി വമ്പൻ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ വാണി സംഗീതമെന്ന വികാരമായി.

നീണ്ട ഇടവേളയ്ക്ക് ശേഷം 2014-ൽ ഓലേഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരു നീ… എന്ന ഗാനത്തിലൂടെ മലയാളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. 19 ഭാഷകളിലായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. മലയാളം, തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ കച്ചേരികളിൽ വാണിനാദം സാന്നിധ്യമറിയിച്ചു.

തെന്നിന്ത്യൻ സിനിമകളിൽ പുതിയൊരു ഗാനശൈലി കൊണ്ടുവന്ന വാണി ജയറാമിന്റെ ശബ്ദത്തിന് ആധ്യാത്മികതയുടെയും ശക്തിയുടെയും പ്രത്യേക സമ്മിശ്രണഭാവമുണ്ട്. ക്ലാസിക്കൽ, നാടോടി, പാശ്ചാത്യം എന്നിവയുൾപ്പെടെ വിവിധ ശൈലികളിലേക്ക് അനായാസം വഴങ്ങുന്ന ആലാപനഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗായകർക്കും സംഗീതജ്ഞർക്കും പ്രചോദനമാണ് സംഗീതത്തോടുള്ള വാണിയുടെ സമീപനം. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ സംഗീതരംഗത്ത് വിജയം കൈവരിക്കാൻ കഴിയുമെന്ന് തെളിയിച്ച അവരുടെ ശബ്ദം തെന്നിന്ത്യൻ സിനിമകളുടെ പര്യായമായി മാറി; ലോകമെമ്പാടുമുള്ള ആരാധകർക്ക് പ്രിയപ്പെട്ടതായി.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2023 ഫെബ്രുവരി നാലാം തീയതി വാണി ജയറാം അന്തരിച്ചു.
***************

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version