Article/Openion

ഒരു സംസ്ഥാനത്തെ ബലികൊടുക്കുമ്പോൾ

Published

on

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ എല്ലാ കാര്യത്തിലും ഒന്നാംസ്ഥാനം അവകാശപ്പെടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ നപുംസകങ്ങളുടെ അറിവിലേക്ക്. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി നാട്ടിൽ പേപ്പട്ടി ഇറങ്ങിയെന്ന് വിളിച്ച് കൂവി ജനങ്ങൾ പേപ്പട്ടിയെ അന്വേഷിച്ച് ഓടുമ്പോൾ ആടിനെ ചന്തയിൽ കൊണ്ട് പോയി വിറ്റ് അതിന്റെ പണവും പോക്കറ്റിലിട്ട് ഞാനൊന്നുമറിയില്ലേ രാമനാരായണായെന്ന് പറഞ്ഞ് വീട്ടിലേക്ക് പോവാൻ നിങ്ങൾ വിദഗ്ദരാണ്. പക്ഷേ നിങ്ങളുടെ ഈ നാടകത്തിനിടയിൽ ഒരു സംസ്ഥാനത്തെയാണ് നിങ്ങൾ ബലി കൊടുക്കുന്നതെന്ന് തലയിൽ എന്തെങ്കിലും ബാക്കിയുള്ളവരുണ്ടെങ്കിൽ അറിയണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് വിരൽ ചൂണ്ടി വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനം ഒന്നാംസ്ഥാനത്താണെന്ന് ഉച്ചഭാഷിണി കെട്ടി ഉറക്കെ വിളിച്ചുപറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ ഇന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ്. ഗവർണറും മന്ത്രിസഭയും തമ്മിലുള്ള തർക്കം ആടിനെ പട്ടിയാക്കുന്ന ഒരു നാടകം മാത്രമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയപേക്കൂത്തിലൂടെ സംസ്ഥാനം നേരിട്ട് കൊണ്ടിരിക്കുന്ന ഭീകരമായ ഒരു സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളെ വഴിതിരിച്ച് വിടാനുള്ള ഒരു തിരക്കഥ മാത്രമാണിത്.

ദേശീയ-അന്തർദേശീയ തലങ്ങളിലെ തൊഴിൽസാധ്യതകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ വിദ്യഭ്യാസനിലവാരം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. കരിയർ വിദഗ്‌ധൻ കൂടിയായ മുരളി തുമ്മാരുകുടിയും മെന്റേഴ്സ് 4 യു കരിയർ പ്ലാനർ നീരജ ജാനകിയും ചേർന്ന് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളായിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളിൽ സർവ്വേയിൽ പങ്കെടുത്ത 78ശതമാനവും പഠനത്തിനും തൊഴിലിനും കേരളത്തിന് പുറത്ത് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരാണ്. ജനിച്ച നാടിനെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് യുവതലമുറ മാറി ചിന്തിക്കാൻ തുടങ്ങി.

വിദ്യാഭ്യാസകാര്യത്തിൽ ഒന്നാംസ്ഥാനം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ കുട്ടികൾ വിദ്യഭ്യാസത്തിന് എന്തിനാണ് പുറത്ത് പോകുന്നത് ? കാരണം മറ്റൊന്നുമല്ല. രാജ്യത്തെ തൊഴിൽ ദാതാക്കൾ പറയുന്നത് “ദേശീയ – രാജ്യാന്തര തലത്തിലുള്ള കമ്പനികളുടെ റിക്രൂട്ട്മെൻ്‌റുകളിൽ 100 മലയാളികൾ പങ്കെടുത്താൽ കയറിപ്പറ്റുന്നത് ഒന്നോ രണ്ടോ പേരാണ്. അതേസമയം ബീഹാറിൽ നിന്നും 35 ഉം മധ്യപ്രദേശിൽ നിന്ന് 30 ഉം ഗുജറാത്തിൽ നിന്ന് 20 പേരും യോഗ്യത നേടുന്നു. കേരളത്തിലെ വിദ്യഭ്യാസ നിലവാരം അളക്കാൻ ഇതിൽ കൂടുതൽ എന്ത് കണക്കുകളാണ് നമുക്ക് വേണ്ടത്. രാജ്യത്തെ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നുമായി ഓരോ വർഷവും ശരാശരി 8500 ഗവേഷണ പ്രബന്ധങ്ങളാണ് പുറത്തിറങ്ങുന്നത്. ഇതിൽ കേരളത്തിന്റെ സംഭാവന 100 ൽ താഴെ മാത്രം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ കൂടി നോക്കൂ. കേരളത്തിലെ മൂന്ന് യൂനിവേഴ്സിറ്റികളിലെ 36993 ബിരുദാനന്തര ബിരുദ സീറ്റുകളിൽ 16436 സീറ്റുകളിലേക്കും വിദ്യാർത്ഥികൾ ഇല്ല. 146295 ബിരുദ സീറ്റുകളിൽ 52468 സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. 25 എഞ്ചിനീയറിംങ്ങ് കോളേജുകളിലെ പല കോഴ്സുകളിലും ഒരു കുട്ടി പോലും പ്രവേശനം നേടിയിട്ടില്ല. 23 എഞ്ചിനീയറിംങ്ങ് കോളേജുകളിൽ പരീക്ഷ എഴുതിയവരിൽ ഒരു കുട്ടി പോലും പാസ്സായിട്ടില്ല. കുറച്ച് വർഷമായി ഈ പ്രവണത തുടങ്ങിയിട്ട്. 471849 വിദ്യാർത്ഥികളാണ് കഴിഞ്ഞ തവണ പ്ലസ്സ് ടു പരീക്ഷ പാസ്സായത്. ഈ കുട്ടികൾ എല്ലാം എവിടെ പോകുന്നു ? എം.ജി, കണ്ണൂർ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലറായിരുന്ന ഡോ.ബാബു സെബാസ്റ്റ്യൻ പറയുന്നത് ഒരു വർഷം 40000 ത്തോളം വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് എന്നാണ്. ഇതിനു പുറമെ ശരാശരി 55000 വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുമ്പോൾ വിദ്യഭ്യാസ നിലവാരത്തിൽ ഒന്നാം സ്ഥാനമെന്ന് പ്രസംഗിക്കുന്ന കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒരു കുട്ടി പോലും കടന്നുവരുന്നില്ല.

ഏകദേശം ഒരു ലക്ഷം കുട്ടികൾ വഴി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് ഒഴുകുന്നത്. ഒരു കുട്ടിയെ പ്ലസ്സ് ടു വരെ പഠിപ്പിക്കാൻ പൊതു ഖജനാവിൽ നിന്നും ചിലവാകുന്നത് 12 ലക്ഷം രൂപയാണ്. ഈ വിദ്യാർത്ഥികൾ ഇന്ന് മറ്റ് രാജ്യങ്ങൾക്ക് വിദേശ നാണ്യം ഉണ്ടാക്കി കൊടുക്കുന്ന “റെഡി ടു യൂസ്” ആയ മനുഷ്യവിഭവ ശേഷിയാണ്. നമ്മൾ ലക്ഷങ്ങൾ ചിലവഴിച്ച് പഠിപ്പിച്ചെടുത്ത് തളികയിലാക്കി സമ്മാനിക്കുന്ന ഈ മിടുക്കന്മാരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി മറ്റ് രാജ്യങ്ങൾ അവരുടെ ജി.ഡി.പി. യെ വളർത്തുമ്പോൾ നമ്മൾ കടത്തിൽ മുങ്ങിതാഴുകയാണ്. പണ്ട് പ്രീ-ഡിഗ്രി കഴിഞ്ഞ് ഗൾഫ് മേഖലയിലേക്ക് പോയവർ പണവുമായിട്ടായിരുന്നു നാട്ടിലേക്ക് തിരികെ വന്നതെങ്കിൽ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ഒരു വൺവേ ട്രാഫിക്കാണ്. അവർ തിരിച്ചു വരുന്നില്ല. 2016 -17 ൽ കേരളത്തിലെ പ്രവാസി നിക്ഷേപം 19% ആയിരുന്നുവെങ്കിൽ 2020-21 ൽ അത് 10.2% ആയി കുറഞ്ഞപ്പോൾ മഹാരാഷ്ട്രയിൽ 16.7% ൽ നിന്ന് 35.2 ശതമാനത്തിലേക്കാണ് വർദ്ധിച്ചത്.

ഗൾഫ് മേഖല വിട്ട് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഈ പ്രതിഭാസത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് സാമ്പത്തിക ചോർച്ച മാത്രമല്ല സമ്പൂർണ്ണമായ നൈപുണ്യ ശോഷണവുമാണ്. ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമെല്ലാം ഒരു വർഷം പഠിക്കാനായി വിദേശങ്ങളിൽ പോകുന്ന അത്രയും കുട്ടികൾ മറ്റ് രാജ്യങ്ങളിൽ നിന്ന് പഠനത്തിനായി ഈ രാജ്യങ്ങളിലേക്ക് എത്തുന്നത് കാരണം അവർക്ക് സാമ്പത്തിക ചോർച്ച ഉണ്ടാവുന്നില്ല. ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റം ജോലിക്ക് വേണ്ടി മാത്രമായിരുന്നുവെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിലെ രാഷ്ട്രീയ-സാമ്പത്തിക – സാംസ്ക്കാരിക മേഖലയുടെ തകർച്ചയിൽ നിന്നും സാമൂഹിക അരക്ഷിതാവസ്ഥയിൽ നിന്നുള്ള രക്ഷപ്പെടലുമാണ്. എല്ലാ സർവ്വേകളും വെളിപ്പെടുത്തുന്നത് നമ്മുടെ യുവതലമുറ മെച്ചപ്പെട്ട ജീവിത നിലവാരവും ഉന്നതമായ സാമൂഹിക സുരക്ഷയും തേടിയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് എന്നാണ്. ഗ്രഹാംസ് ലോ യുടെ വാക്കുകൾ കടമെടുത്താൽ bad money drives out good. നൈപുണ്യവും, വൈദഗ്‌ധ്യവും, ഉന്നത സംസ്ക്കാരവും ഉണ്ടായിരുന്ന ഒരു ജനത നാടുവിടുമ്പോൾ പകരം ഇവിടെയെത്തുന്നത് പൈശാചികമായ കൊലപാതകങ്ങളും കൊള്ളകളും , മയക്ക് മരുന്ന് വ്യാപാരവുമാണ്. ഇനിയെങ്കിലും നാം ഉണർന്നില്ലെങ്കിൽ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായെങ്കിലും നമുക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്. ഒരു മാറ്റം അനിവാര്യമാണ്.

– അഡ്വ. വി.ടി.പ്രദീപ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version