Politics

എസ്എഫ്ഐ ആൾമാറാട്ടം; പിന്നിൽ എംഎൽഎ?

Published

on

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ത്ഥിനിയുടെ പേര് വെട്ടി ആള്‍മാറാട്ടം നടത്തിയ സംഭവത്തിനു പിന്നില്‍ തലസ്ഥാനത്തെ ഒരു എം.എല്‍.എയാണെന്ന് സൂചന.

സംഭവം പുറത്തറിയിച്ചതും ഒരു പ്രമുഖ സി.പി.എം നേതാവാണ്. ഇവര്‍ തമ്മില്‍ ഏറെക്കാലമായി കുതികാല്‍വെട്ട് നടക്കുന്നുണ്ട്.

ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറി എ. വിശാഖിനെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആള്‍മാറാട്ടക്കേസ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന വിധത്തില്‍ വഷളായ സാഹചര്യത്തിലാണ് അടിയന്തരനടപടി. സി.പി.എം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിശാഖിനെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ചു. വിശാഖ് അംഗമായ സി.പി.എം പ്ലാവൂര്‍ ലോക്കല്‍കമ്മിറ്റി യോഗം ചേര്‍ന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

ആള്‍മാറാട്ട നടപടി വിവാദമായതിന് തൊട്ടുപിന്നാലെ ഈ മാസം 13ന് എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ ഫ്രാക്‌ഷന്‍ കമ്മിറ്റി ചേര്‍ന്ന് വിശാഖിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 22 വയസ്സാണ് യൂണിവേഴ്സിറ്റി യൂണിയനിലേക്ക് മത്സരിക്കാനുള്ള പ്രായപരിധിയെന്നിരിക്കെ 24 വയസ്സുള്ള വിശാഖ് അതിന് ശ്രമിച്ചതിലെ ബുദ്ധിശൂന്യതയും ചര്‍ച്ചയായി. ഗവ. സംസ്കൃത കോളേജില്‍ നേരത്തേ ബിരുദകോഴ്സ് പാസാവാത്ത വിശാഖ് അടുത്തിടെയാണ് കാട്ടാക്കട കോളേജില്‍ വീണ്ടും ചേര്‍ന്നത്.

യു.യു.സിയായി വിജയിച്ച അനഘ സി.പി.എം കോവളം ഏരിയാകമ്മിറ്റി പരിധിയില്‍ നിന്നുള്ളതാണ്. വിഷയത്തില്‍ അവരുടെ മൊഴിയെടുക്കാന്‍ പാര്‍ട്ടി കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാറിനെ ജില്ലാ സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരുന്നു. താന്‍ സ്വയം മാറിക്കൊടുത്തതല്ലെന്ന് ഇവര്‍ വിശദീകരിച്ചതായാണ് വിവരം.

തന്നെ നിര്‍ബന്ധിച്ച്‌ രാജി എഴുതി വാങ്ങിയതാണെന്ന് അനഘ പാര്‍ട്ടിയോട് വിശദീകരിച്ചു. കോളേജില്‍ നടന്ന ചടങ്ങില്‍ അനഘ യൂണിയന്‍ ഭാരവാഹിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പിന്നാലെയാണ് അനഘയുടെ പേരു വെട്ടിമാറ്റി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിനെ കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംഘടനാ നിര്‍ദ്ദേശപ്രകാരം അനഘ രാജിവച്ചെന്നാണ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയോട് വിശദീകരിച്ചത്.

പാര്‍ട്ടിയെയും എസ്.എഫ്.ഐ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളെയും ഇരുട്ടില്‍ നിറുത്തിയാണ് വിശാഖിന്റെ നീക്കങ്ങളെല്ലാം നടന്നതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി നേതാക്കളുടെ അറിവില്ലാതെ ഇത് നടക്കില്ല. കേരള സര്‍വകലാശാല ഗുരുതരമായ ക്രമക്കേട് കണ്ടുപിടിച്ച്‌ ഇടപെട്ടപ്പോള്‍ കോളേജ് പ്രിന്‍സിപ്പല്‍ ക്ഷമ ചോദിച്ച്‌ തടിയൂരിയെന്നാണ് വിവരം.

പാര്‍ട്ടിയെ കുരുക്കിലാക്കുന്ന അവസ്ഥയായതോടെയാണ് സി.പി.എം പെട്ടെന്ന് നടപടിയെടുത്തത്. വിശാഖിനെ എസ്.എഫ്.ഐയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഈ മാസം 14ന് എസ്.എഫ്.ഐയുടെ അടിയന്തര ജില്ലാ ഫ്രാക്‌ഷന്‍ യോഗം ചേര്‍ന്ന് ആറ്റിങ്ങല്‍ ഗവ. കോളേജിലെ ഒന്നാം വര്‍ഷ എം.കോം വിദ്യാര്‍ത്ഥി വിജയ് വിമലിനെ സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. എസ്.എഫ്.ഐ ആറ്റിങ്ങല്‍ ഏരിയാകമ്മിറ്റി പ്രസിഡന്റാണ് വിജയ് വിമല്‍.

ലഹരിയിടപാടുമായും മറ്റും ബന്ധപ്പെട്ട് എസ്.എഫ്.ഐയില്‍ നിന്നും സി.പി.എമ്മില്‍ നിന്നും നേരത്തേ സംഘടനാനടപടിക്ക് വിധേയരായ ജെ.ജെ. അഭിജിത്ത് അടക്കമുള്ളവരുമായി വിശാഖിന് ബന്ധമുള്ളതായാണ് സി.പി.എമ്മിനകത്ത് സംസാരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version