Business

എംപിയുടെ മകന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന പരാതി; അന്വേഷണം തുടങ്ങി

Published

on

അബ്ദുൾ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിൽ വസ്ത്രം മാറ്റി പരിശോധിച്ച സംഭവത്തിൽ കസ്റ്റംസ് കമ്മീഷണർ അന്വേഷണം തുടങ്ങി. കസ്റ്റംസ് കമ്മീണർക്ക് എംപി നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. നവംബർ ഒന്നാം തീയതി രാവിലെ ഷാർജയിൽ നിന്നും എത്തിയ എംപിയുടെ മകനെയാണ് വസ്ത്രമഴിപ്പിച്ച് കസ്റ്റംസ് പരിശോധിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

മജിസ്ട്രേറ്റിൻെറ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തിയെന്നും എംപി പരാതിപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര രഹസ്യന്വേഷണവിഭാഗവും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് കമ്മീഷണർ വിശദീകരണം തേടി. എന്നാൽ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നത് കൊണ്ടാണ് എംപിയുടെ മകനെ പരിശോധിച്ചതെന്നാണ് കസ്റ്റംസിന്റെ വിശദീകരണം. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നിരുന്നു. എക്സ്റേ പരിശോധനക്ക് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

മകൻ ഷാർജയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് എംപി പ്രതികരിച്ചത്. എന്റെ മകനൊരൽപ്പം താടിയുണ്ട്. അതുകൊണ്ടായിരുന്നോ പരിശോധന എന്നറിയില്ല. സംശയങ്ങൾ സ്വാഭാവികമായി ഉണ്ടാകാവുന്നതാണ്. ചിലപ്പോ ആരെങ്കിലും എഴുതികൊടുത്തിട്ടുണ്ടാകും. അല്ലെങ്കിൽ കംപ്യൂട്ടറിൽ എന്തെങ്കിലും വന്നിട്ടുണ്ടാകും. എന്നാൽ മകന്റെ തുണി അഴിപ്പിക്കുന്നതിന് മുൻപ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ പ്രൊഫൈൽ നോക്കാമായിരുന്നുവെന്നും എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version