Article/Openion

ഋഷി സുനക്: പ്രതീക്ഷകളുടെ ഭാരവുമായി കടക്കാൻ കടമ്പകളേറെ!

Published

on

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ‘പാർട്ടി ഗേറ്റ്’ എന്നറിയപ്പെട്ട വിവാദച്ചുഴിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അകപ്പെടുന്നതോടെ ആടിയുലഞ്ഞു ബ്രിട്ടനിലെ രാഷ്ട്രീയ രംഗം. കൺസർവേറ്റീവ് എം പിമാർക്കിടയിൽ നടന്ന അവിശ്വാസപ്രമേയത്തെ അതിജീവിച്ച ജോൺസൺ ഏതാനും നാളുകൾക്കകം പുറത്താക്കപ്പെട്ടു. ബോറിസ് ജോൺസന്റെ പതനത്തിന് പിന്നിൽ ചരടുവലിച്ചത് ഋഷി സുനക് ആയിരുന്നു. മന്ത്രിസഭയിൽ ചാൻസലർ(ധനകാര്യ മന്ത്രി) ആയിരുന്ന ഋഷി സുനക് രാജി വെയ്ക്കുന്നതോടെ ജോൺസന്റെ പടിയിറക്കം ഒരുങ്ങി. ഋഷിക്ക് പിന്നാലെ ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി പ്രീതിപട്ടേലും സ്ഥാനമൊഴിഞ്ഞു. മറ്റൊരു വഴിയുമില്ലാതെ ജോൺസൺ രാജിവച്ചു. പുതിയ ലീഡറെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ ഋഷി സുനകും ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ലിസ്ട്രസും മത്സരരംഗത്തെത്തി. ടോറി പാർട്ടി വമ്പന്മാർക്കിടയിൽ ഭൂരിപക്ഷം ലഭിച്ച ലിസ്ട്രസ് പ്രധാനമന്ത്രിയായി.

ലിസ്ട്രസ് അധികാരമേറ്റ രണ്ടാം നാളിൽ എട്ട് പതിറ്റാണ്ടിലധികം ബ്രിട്ടനിലെ രാജ്ഞിയായി വാണ എലിസബത്ത് രാജ്ഞി ഇഹലോകവാസം വെടിഞ്ഞു. രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ തന്നെ അപകടാവസ്ഥയിലെത്തിയിരുന്ന ബ്രിട്ടീഷ് ഇക്കോണമിയെ പിടിച്ചുനിർത്താൻ ചാൻസലറായ ക്വാഡി ക്വാൾട്രെഡ്ജ് അവതരിപ്പിച്ച മിനി ബഡ്ജറ്റ് വിവാദങ്ങളിലെത്തി. വൻകിട വരുമാനക്കാർക്ക് നികുതിയിളവ് അനുവദിച്ച ബഡ്ജറ്റിനെച്ചൊല്ലി തർക്കം മൂത്തപ്പോൾ ക്വാൾട്രെഡ്ജ് നിവർത്തിയില്ലാതെ രാജിവച്ചു. തുടർന്ന് ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രിയും ന്യൂവെല്ല ബ്രാവർമാനും വിവാദത്തിൽ പെട്ട് രാജിവച്ചു. ലിസ്ട്രസിന്റെ പതനം ദിവസങ്ങൾക്കുള്ളിലായിരുന്നു. പ്രധാനമന്ത്രിപദമൊഴിഞ്ഞ് ലിസ്ട്രസ് തുറന്നിട്ട വഴിയിലൂടെയാണ് ഋഷി സുനക് രണ്ടാമതും തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. കരുത്തന്മാർ രംഗത്തില്ലാതിരുന്ന ഇത്തവണ ഒരുകൈ നോക്കാനുറച്ച് ഡൊമിനിക്കയിൽ വിനോദ സഞ്ചാരത്തിലായിരുന്ന ബോറിസ് ജോൺസൺ തിരക്കിട്ടു ലണ്ടനിൽ പറന്നെത്തിയെങ്കിലും പ്രതീക്ഷിച്ച പിന്തുണ ടോറികളിൽനിന്നും ലഭിച്ചില്ല. അങ്ങനെ എതിരില്ലാതെ ഋഷി സുനക് പാർട്ടി ലീഡറാകുകയും ഭൂരിപക്ഷകക്ഷിയുടെ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു.

പൊതുവേ യാഥാസ്ഥിതികമായ ബ്രിട്ടീഷ് ജനതയ്ക്കിടയിൽ വെളുത്ത വർഗ്ഗക്കാരനല്ലാത്ത സുനക് പ്രധാനമന്ത്രിയാകുന്നത് ഭംഗിയുള്ള കാഴ്ചയാണ്. ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതിന് പുറമെ അതിന്റെ അടിത്തറയും സഹിഷ്ണുതയും കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം. വെറും എട്ട് വർഷങ്ങൾക്ക് മുമ്പ് 2015 ൽ ടോറികളുടെ കുത്തക പാർലമെന്റ് മണ്ഡലമായ റിച്ച്മണ്ടിൽ നിന്നാണ് സുനക് ആദ്യം എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2020 ൽ അതുവരെ ബാക്ക് ബെഞ്ചിലായിരുന്ന സുനകിന് മന്ത്രിസഭയിൽ രണ്ടാംസ്ഥാനം അലങ്കരിക്കുന്ന ചാൻസലർ പദവിയിലേക്ക് ബോറിസ് ജോൺസൺ അവരോധിക്കുന്നതോടെ അദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വമ്പന്മാർക്കൊപ്പമെത്തി. ചാൻസലർ പദവിയിൽ പരാതികളില്ലാതെ അദ്ദേഹം ബ്രിട്ടീഷ് സാമ്പത്തികരംഗത്തെ നയിച്ചു. സുനകിന്റെ ഭാര്യ ഇൻഡ്യൻ കോടീശ്വരൻ ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ മകളായ അക്ഷതാമൂർത്തി തന്റെ വരുമാനത്തിന് ബ്രിട്ടനിൽ നികുതി കൊടുക്കുന്നില്ല എന്നൊരു വിവാദമാണ് സുനകിന് നേരെ ആദ്യമുണ്ടായത്. വിദേശത്ത് നേടുന്ന വരുമാനത്തിൽ ബ്രിട്ടനിൽ നികുതി കൊടുക്കേണ്ട എന്ന നിയമമുണ്ടെങ്കിലും ഈ വിവാദത്തെ തുടർന്ന് അധികനികുതി അടക്കാൻ സുനക് തയ്യാറായി. അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡ് കൈവശമുള്ള വ്യക്തിയാണ് സുനക് എന്നു പിന്നീടൊരു വാർത്ത വന്നെങ്കിലും വിവാദമായില്ല.

ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ഇൻഡ്യൻ ദമ്പതികളുടെ പുത്രനായി 1980 ൽ സൗതാംപ്റ്റണിൽ ജനിച്ച ഋഷി സുനകിന്റെ പിതാവ് ഡോക്ടറും അമ്മ ഫാർമസിസ്റ്റുമായിരുന്നു. പ്രൈവറ്റ് ബോർഡിംഗ് സ്‌ക്കൂളായ വിൻഞ്ചെസ്റ്റർ കോളേജിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സുനക് ഓക്‌സ്‌ഫോർഡിൽ നിന്ന് രാഷ്ട്രമീമാംസയിലും തത്വശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ഒന്നാം ക്ലാസിൽ ബിരുദം നേടി. പിന്നീട് അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം ബി എ നേടി. ബില്യണറായ നാരായണമൂർത്തിയുടെ മകൾ അക്ഷതയുമായി സുനക് പ്രണയത്തിലാകുന്നത് അവിടെനിന്നാണ്. ബാംഗ്ലൂരിൽ വലിയ ആർഭാടമായി വിവാഹം നടത്തിയ ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്.
ബ്രിട്ടനിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രധാനമന്ത്രിയും ബ്രിട്ടനിലെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയുമാണ് ഋഷി സുനക്. ഇതുവരെയുള്ളവരിൽ ഏറ്റവും സമ്പന്നനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമന്റേയും രാജ്ഞി കാമിലയുടെയും സമ്പത്തുകൾ ഒന്നിച്ച് കുട്ടിയാൽ അതിനേക്കാൾ ഇരട്ടി സ്വത്തിന്റെ അധിപരാണ് സുനക് ദമ്പതികൾ. 850 മില്യൻ ഡോളറിന്റെ ആസ്തിയാണ് സുനാക്കിനും അക്ഷതയ്ക്കും കൂടിയുള്ളത്. ഋഷി സുനകിന്റെ സ്വത്തിന്റെ വലിപ്പം ബ്രിട്ടനിലെ ഒരു പ്രധാനമന്ത്രിക്ക് ചേർന്നതാണോയെന്ന ചർച്ചകളും ഇതിനിടയിൽ നടന്നത് അതുകൊണ്ടാണ്. എന്നാൽ ടോറി എം.പിമാരിൽ ഭൂരിപക്ഷവും അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചു.

നിലവിൽ കടുത്ത സാമ്പത്തികഞെരുക്കത്തിൽപ്പെട്ടുഴലുകയാണ് ബ്രിട്ടൻ. പലിശ നിരക്കുകൾ ഉയർന്ന് നിൽക്കുന്നതുകൊണ്ട് ലോണെടുത്ത് വീട് വാങ്ങാൻ പോലും കഴിയാത്ത നിലയിലാണ് സാധാരണ ജനങ്ങൾ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഊർജ്ജപ്രതിസന്ധിയുമായതോടെ ഗ്യാസിന്റെയും ഇലക്ട്രിസിറ്റിയുടെയും വില സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ബ്രെക്‌സിറ്റ് വഴി വന്ന കനത്ത സാമ്പത്തിക തിരിച്ചടികൾ വേറെയുമുണ്ട്. ഇൻഡ്യയുടെ ഒരു തുറന്ന സാമ്പത്തിക കരാർ ഏതാണ്ട് ഒപ്പുവയ്ക്കാൻ തക്കതരത്തിൽ തയ്യാറാക്കിവെച്ചിരിക്കുന്നതിലൂടെ ഇൻഡ്യാക്കാർക്ക് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം എളുപ്പമാകുമ്പോൾ അത് മറ്റൊരു തിരിച്ചടിക്കും കാരണമാകുമോ എന്ന ആശങ്കയും ബ്രിട്ടനിലുണ്ട്. ഈ പറഞ്ഞ കടമ്പകൾ കടക്കുന്നതിനപ്പുറം ടോറി പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും സുനകിന് വെല്ലുവിളിയാണ്. എതിരാളിയില്ലാതെ വന്നപ്പോൾ ഒരു തെരഞ്ഞെടുപ്പില്ലാതെയാണ് സുനക് പ്രധാനമന്ത്രി പദത്തിലെത്തിയത്. കൺസർവേറ്റീവ് കക്ഷിയുടെ നിയമാവലി അനുസരിച്ച് ആറ് പാർലമെന്റംഗങ്ങളെങ്കിലും പിന്തുണയ്ക്കുന്ന ഒരു സ്ഥാനാർത്ഥിയെയാണ് പാർട്ടി മെമ്പർമാർ വോട്ടിട്ട് തെരഞ്ഞെടുക്കുക. അത്തരമൊരു മത്സരത്തിലാണ് കഴിഞ്ഞ പ്രാവശ്യം സുനാക് ലിസ്ട്രസിനോട് തോറ്റത്. ഇത്തവണ പാർട്ടി മെമ്പർമാരുടെ ഹിതമറിഞ്ഞിട്ടില്ല. കടുത്ത യാഥാസ്ഥിതികരാണ് ടോറി അനുയായികൾ. ഇപ്പോഴാണ് സമ്പത്തും വിദ്യാഭ്യാസവും ആർജ്ജിച്ച ഏഷ്യൻ വംശജർ പ്രത്യേകിച്ച് ഇൻഡ്യാക്കാർ ഈ കക്ഷിയിലേക്ക് കൂടുതലായി ചേക്കേറുന്നത്. അതിന് കാരണം പ്രതിപക്ഷകക്ഷിയായ ലേബർ പാർട്ടിയിൽ പാക്കിസ്ഥാൻ വംശജർ പിടിമുറുക്കിയിരിക്കുന്നതാണ്. സുനകിന്റെ തെരഞ്ഞെടുപ്പിൽ വിനോദയാത്രയും കളഞ്ഞ് ലണ്ടനിലേക്ക് ഓടിവന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർട്ടിയിലെ യാഥാസ്ഥിതികർക്ക് പ്രിയങ്കരനാണ്. എം പിമാരിൽ ഭൂരിപക്ഷം ഇപ്പോൾ അദ്ദേഹത്തിനോടൊപ്പമില്ലെങ്കിലും പാർട്ടി അനുയായികൾ അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ടോറികളെ അധികാരത്തിലെത്തിച്ചതു ബോറിസാണ്. തിരിച്ചുവരണമെന്നുള്ള മോഹം അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. അതിനുള്ള പ്രായവും ആയിട്ടില്ല. തന്നെ ഭരണത്തിൽ നിന്നിറക്കിയതിൽ പ്രധാനി സുനക് ആണെന്നതിൽ ബോറിസ് ജോൺസണ് പ്രതിഷേധവുമുണ്ട്. അതുകൊണ്ടുതന്നെ ഒരു ചെറിയ പിഴവ് പോലും സുനകിന് അപകടം വരുത്തും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ടോറികളിലെ ഭൂരിപക്ഷം യാഥാസ്ഥിതികരുടെ കയ്യടിയിലാണ് സുനകിന്റെ നിലനിൽപ്പ്.

– രാജി വിശ്വനാഥ്‌

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version