Business

ഈ പാസ്പോർട്ട് സ്വന്തമായുള്ള ആളുകൾക്ക് 180 രാജ്യങ്ങളിൽ സു​ഗമമായി പ്രവേശിക്കാം

Published

on

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു എ ഇ-യുടേത്. കാനഡയിലെ മോൺട്രിയൽ ആസ്ഥാനമായ സിറ്റിസൺഷിപ്പ് ഫിനാ‍ൻഷ്യൽ അഡ്വൈസറി സ്ഥാപനം, ‘ആർട്ടൺ കാപിറ്റൽ’ പുറത്തിറക്കിയ പാസ്പോർട്ട് ഇൻഡെക്സ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു എ ഇ പാസ്പോർട്ട് സ്വന്തമായുള്ള ആളുകൾക്ക് 180 രാജ്യങ്ങളിൽ സു​ഗമമായി പ്രവേശിക്കാം. യു എ ഇ പാസ്പോർട്ടുമായി 121 രാജ്യങ്ങളിൽ വിസയില്ലാതെയും 59 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ ആയും പ്രവേശിക്കാം. വിസ നടപടിക്രമങ്ങൾക്കായി യു എ ഇ പൗരന്മാർ കാത്തിരിക്കേണ്ടി വരുന്നത് വെറും 19 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് മാത്രം.

പട്ടികയിൽ രണ്ടാം റാങ്കിലുള്ളത് ജർമനി, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ്. റാങ്കിം​ഗിൽ അമേരിക്ക മൂന്നാമതാണ്; ഇന്ത്യ 69-ആം സ്ഥാനത്തും. ഇന്ത്യയ്ക്കൊപ്പം 69-ആം റാങ്കിൽ ഗാംബിയ, ടാൻസാനിയ, ഘാന, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, സാവോ ടോം ആൻഡ് പ്രിൻസിപ് എന്നീ രാജ്യങ്ങളുമുണ്ട്.

24-ആം സ്ഥാനത്തുള്ള ജപ്പാന്റെ പാസ്പോർട്ട് ഉപയോഗിച്ച് 171 രാജ്യങ്ങളിൽ സുഗമമായി പ്രവേശിക്കാം. അതേസമയം, ഹെൻലെ ആൻഡ് പാർട്നേഴ്സ് പുറത്തിറക്കിയ പട്ടികയിൽ ജപ്പാൻ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും മികച്ചത്. പട്ടികയിൽ ഏറ്റവും അവസാനം അഫ്ഗാനിസ്ഥാനാണ് (97). പാക്കിസ്ഥാന്റെ റാങ്ക് 94 ആണ്. ഇസ്രയേൽ– 17, യുക്രെയ്ൻ– 20, വത്തിക്കാൻ– 21, റഷ്യ– 38, ചൈന– 59, നേപ്പാൾ– 86 ഉത്തര കൊറിയ– 91, ബംഗ്ലദേശ്– 92 എന്നിങ്ങനെയാണ് മറ്റ് റാങ്കുകൾ.

ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ 139 രാജ്യങ്ങളെയും അംഗത്വത്തിനു പരിഗണിക്കുന്ന ആറു പ്രദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് ആർട്ടൺ കാപിറ്റൽ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സർക്കാരുകൾ പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങളും ക്രൗ‍ഡ് സോഴ്സിങ് വഴി ലഭ്യമാകുന്ന തൽസമയ വിവരങ്ങളും ആശ്രയിക്കാവുന്ന സോഴ്സുകളിൽനിന്നു ലഭ്യമായതും വച്ചാണ് ആർട്ടൺ പട്ടിക തയാറാക്കിയിരിക്കുന്നത്. മൂന്നുതലങ്ങളിലെ പരിശോധനകൾക്കൊടുവിലാണ് രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version