Kerala

‘ആൾക്കൂട്ടമാണ് ഊര്‍ജം, അദ്ദേഹം തിരിച്ചെത്തും’; ഉമ്മന്‍ചാണ്ടിക്ക് ആശംസകളുമായി വിഷ്ണുനാഥ്

Published

on

എഴുപത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. ആൾക്കൂട്ടമാണ് അദ്ദേഹത്തിന്‍റെ ഊർജം. വിശ്രമിക്കുമ്പോൾ ക്ഷീണിക്കുന്ന മനുഷ്യനാണ് ഉമ്മൻചാണ്ടിയെന്നും പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. ആൾക്കൂട്ടത്തെ കണ്ടാൽ ആ മനുഷ്യൻ അതിൽ അലിഞ്ഞൊഴുകും.

ആൾത്തിരക്കിൽനിന്ന് ഊർജം സംഭരിക്കും. ആ സ്നേഹരസതന്ത്രമാണ് അഞ്ചര പതിറ്റാണ്ടിലേറെയായ് അദ്ദേഹത്തിന്റെ മരുന്നും മന്ത്രവും. ഇപ്പോഴത്തെ ആരോഗ്യബുദ്ധിമുട്ടിനെ അതിജീവിച്ച് കൂടുതൽ പ്രസരിപ്പോടെ ജനക്കൂട്ടത്തിൽ അലിയാൻ അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പാണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

രണ്ടുദിവസം മുമ്പാണ് കൊച്ചിയിൽ വെച്ച് ഉമ്മൻചാണ്ടി സാറിനെ കണ്ടത്. കണ്ടപ്പോൾ തന്നെ എന്നോട് ചോദിച്ചു “താൻ സതീശന്റെ അടുത്ത് പോയില്ലേ?”
സതീശൻ പച്ചേനിയുടെ വിയോഗമറിഞ്ഞ് അവിടേക്ക് പോയില്ലേ എന്നതാണ് അദ്ദേഹം ആരാഞ്ഞത്. ഞാൻ പറഞ്ഞു, “പോയിരുന്നു. ഇന്നലെ വൈകുന്നേരം വരെ ഡിസിസി ഓഫീസിൽ ഉണ്ടായിരുന്നു. ഇന്നാണ് മടങ്ങിയത്.”

തന്റെ പ്രിയ സഹപ്രവർത്തകനെ അവസാനമായ് കാണാൻ കഴിയാത്തതിലുള്ള പ്രയാസമാണ് സാറിന്റെ വാക്കുകളിൽ എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതുകൊണ്ട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം യാത്രകളെല്ലാം കുറച്ചതായിരുന്നു. അതുകൊണ്ടാണ് സാറിന് കണ്ണൂരിൽ പോവാൻ കഴിയാതിരുന്നത്. പക്ഷേ സാറിനെ അടുത്തറിയുന്ന ഞങ്ങൾക്കെല്ലാം തിരിച്ചറിയാനാവും അദ്ദേഹത്തിന്റെ വിഷമത്തിന്റെ ആഴം. എപ്പോഴും പ്രിയപ്പെട്ടവർക്ക് വേണ്ടി തന്റെ വ്യക്തിപരമായ എല്ലാ വിഷമതകളെയും മാറ്റിവെച്ച് ഓടിനടക്കുന്നതാണല്ലോ സാറിന്റെ പ്രകൃതം. ഭാരത് ജോഡോ യാത്രയിൽ ആൾക്കൂട്ടത്തിനൊപ്പം ഉമ്മൻചാണ്ടിയും നടക്കാൻ വന്നിരുന്നു. കുറേ ദൂരം നടന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു “ഇത്രയും നടന്നത് മതി. ഇനി കാറിൽ യാത്ര തുടർന്നാൽ മതി.”

കുഴപ്പമില്ല, താൻ നടന്നോളാം എന്ന് പറഞ്ഞ് സിരകളിൽ ആവേശം നിറച്ച് വീണ്ടും കുറച്ചുദൂരം കൂടി അദ്ദേഹം നടന്നു. ഒടുവിൽ രാഹുൽ ഗാന്ധി സ്നേഹത്തോട് കൂടി പറഞ്ഞു “ചാണ്ടിജി ഞാൻ പറയുന്നത് കേൾക്കണം. കാറിൽ കയറണം.”

രാഹുൽ ഗാന്ധി തന്നെ അദ്ദേഹത്തെ കൈപിടിച്ചു കൊണ്ടുവന്ന് ഡോർ തുറന്ന് കാറിനകത്ത് ഇരുത്തിയപ്പോഴാണ് മനസില്ലാമനസ്സോടെ ഉമ്മൻചാണ്ടി നടത്തം അവസാനിപ്പിച്ചത്. ആൾക്കൂട്ടമാണ് അദ്ദേഹത്തിൻ്റെ ഊർജ്ജം. വിശ്രമിക്കുമ്പോൾ ക്ഷീണിക്കുന്ന മനുഷ്യനാണ് ഉമ്മൻചാണ്ടി. മത്സ്യം ജലാശയത്തിൽ എന്ന പോലെ ആൾക്കൂട്ടത്തെ കണ്ടാൽ ആ മനുഷ്യൻ അതിൽ അലിഞ്ഞൊഴുകും; ആൾത്തിരക്കിൽ നിന്ന് ഊർജ്ജം സംഭരിക്കും. ആ സ്നേഹരസതന്ത്രമാണ് അഞ്ചര പതിറ്റാണ്ടിലേറെയായ് അദ്ദേഹത്തിന്റെ മരുന്നും മന്ത്രവും. ഇപ്പോഴത്തെ ആരോഗ്യബുദ്ധിമുട്ടിനെ അതിജീവിച്ച് കൂടുതൽ പ്രസരിപ്പോടെ ജനക്കൂട്ടത്തിൽ അലിയാൻ അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പാണ്.

പ്രിയനേതാവിന് പിറന്നാൾ ആശംസകൾ…. ആയുരാരോഗ്യസൗഖ്യം…. പ്രാർത്ഥനകൾ ….

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version