Art

‘ആതിരയുടെ മകൾ അഞ്ജലി’ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്

Published

on

പുതിയ സിനിമ ‘ആതിരയുടെ മകള്‍ അഞ്ജലി’ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത പ്രമേയവുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് സംവിധായകൻ അറിയിച്ചു.

ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും കൂടുതൽ പ്രതിസന്ധികളെ നേരിടുന്നത് 37-47 പ്രായപരിധിയിലാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളെ നല്ല ഗാനങ്ങളുടെയും മറ്റ് വാണിജ്യഘടകങ്ങളുടെയും പിന്തുണയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷനുകള്‍. ഗാനചിത്രീകരണം കേരളത്തിന് പുറത്തായിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.

2011-ല്‍ ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്‍റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നായകനും സന്തോഷ് പണ്ഡിറ്റ് തന്നെ ആയിരുന്നു. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും പണ്ഡിറ്റ്ജി നേരിട്ടാണ് കൈകാര്യം ചെയ്തത്. നാല് വര്‍ഷത്തിനു ശേഷമെത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ‘ആതിരയുടെ മകള്‍ അഞ്ജലി’. 2019 ല്‍ പുറത്തെത്തിയ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്‍റെ ലീലാവിലാസങ്ങള്‍’ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ഇത്.

സ്വന്തമായ ശൈലിയിലൂടെ എത്തി മലയാളസിനിമാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ വാണിജ്യവിജയം ഉറപ്പിച്ചാണ് കടന്നുപോവാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version