Article/Openion

അരുത് പിണറായീ . . . കെയുഡബ്ല്യുജെ-ക്ക് പുറത്തൊരു മാധ്യമലോകമുണ്ട്!

Published

on

എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു നോട്ടീസ് നൽകുകയും വിനു വി ജോൺ സ്റ്റേഷനിലെത്തി വിശദീകരണം കൊടുത്തു മടങ്ങുകയും ചെയ്തു. എളമരം കരീം നല്‍കിയ പരാതിയിലാണ് കേസ്. ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാനലംഘനം നടത്തണമെന്നുമുള്ള ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

എന്നാല്‍ വിനു ഇതറിയുന്നത് പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പോലീസ് നിരസിച്ചപ്പോഴാണ്. അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യൂസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറിയായ എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് കേസ്.

മാര്‍ച്ച് 28ന് രാത്രി എട്ടിനും ഒമ്പതിനും ഇടക്കാണ് ഈ ‘കുറ്റകൃത്യം’ നടന്നതെന്നും പരാതി ലഭിച്ചത് ഏപ്രില്‍ മാസം 28 ന് രാവിലെ പത്തരക്കാണെന്നും എഫ് ഐ ആറില്‍ കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. തിരൂരില്‍ രോഗിയുമായി പോയ ഓട്ടോ ഡ്രൈവർ യാസറിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനൂകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെക്കുറിച്ച് എളമരം കരീമിന്റെ പ്രതികരണമിതായിരുന്നു: “മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി, മാന്തി എന്നൊക്ക പറഞ്ഞു വരികയാണ്.”

ഇതിനെക്കുറിച്ച് അന്നത്തെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബസമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു. അപ്പോള്‍ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ.” ഇതിന് പിന്നാലെ വിനു വി ജോണിനെതിരെ വ്യാപകമായി രീതിയില്‍ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റ് ചാടി അകത്തു കടന്നു വീടിനുമുന്നിലും തിരുവനന്തപുരം നഗരത്തിലും പതിക്കുകയും ഏഷ്യാനെറ്റിലേക്ക് തൊഴിലാളിസംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ യാസറിനെ ആക്രമിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസിന് ഉത്സാഹക്കുറവുണ്ടെന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്.

എന്നാല്‍ തനിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത വിവരം വിനു വി ജോണ്‍ അറിയുന്നത് തന്റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാനുള്ള അപേക്ഷ നല്‍കിയപ്പോഴാണ്. കേസുള്ളതുകൊണ്ട് പാസ്പോർട്ട് പുതുക്കി നല്‍കാന്‍ പറ്റില്ലന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഐപിസിയിലെ 107, 118, 504, 506 എന്നീ വകുപ്പുകളും കെ പി ആക്ടിലെ 120 ഒ-യും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ചിലത് ജാമ്യം നിഷേധിക്കാന്‍ കഴിയുന്ന വകുപ്പുകളാണ്. എന്നിട്ടും പ്രതിയായ താന്‍ വിഷയം അറിയുന്നത് പാസ്പോര്‍ട്ട് പുതുക്കുന്നതിന് അനുമതി നിഷേധിച്ചപ്പോഴാണെന്നും വിനു വി ജോണ്‍ പറയുന്നു.

ഏത് ജനാധിപത്യമൂല്യസംഹിതയാണ് ഈ വിഷയത്തിൽ തെളിഞ്ഞുനിൽക്കുന്നത്? നിയമവാഴ്ചയുടെ ഏത് ഔചിത്യബോധമാണ് ഇതിൽ മുന്നിട്ടുനിൽക്കുന്നത്? ഏത് രീതിശാസ്ത്രത്തിന്റെ അളവുകോലുകളനുസരിച്ചും നിയമവാഴ്ചയുടെ ജനാധിപത്യസംഹിതകളനുസരിച്ചും സാധൂകരിക്കത്തക്കതല്ല പോലീസിന്റെ ഈ നടപടി. ഇതിന് മറുപടി പറയേണ്ടത് ആഭ്യന്തരവകുപ്പാണ്; ആ വകുപ്പ് കൈവശമിരിക്കുന്ന മുഖ്യമന്ത്രിയാണ്.

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവവായു ആണ്. അതിന്റെ കടക്കൽ കത്തി വെക്കപ്പെടുന്ന ഏതുനീക്കവും കടന്നെതിർക്കപ്പെടേണ്ടതുണ്ട്. വസ്തുതാപരമായി പരിശോധിക്കുകയാണെങ്കിൽ ആക്രമിക്കപ്പെട്ട വ്യക്തിയുടെ പൗരാഭിമാനബോധത്തെ പരിഹാസത്തിലൂടെ ആക്രമിക്കുക വഴി ‘ഇന്ത്യൻ പൗരൻ’ എന്ന ആത്മവീര്യത്തെയും അതുവഴി രാഷ്ട്രത്തിന്റെ ആത്മബോധത്തെയുമാണ് എളമരം കരീം അധിക്ഷേപിച്ചതെന്ന് കണ്ടെത്തുന്നത് അനൗചിത്യമാവുന്നതെങ്ങനെ?

സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ വാക്കുകൾ പരിഹാസരൂപേണയോ വിരുദ്ധോക്തിയിലോ ആണോ സിപിഎമ്മുകാർ വിളിച്ചുകൂവുന്നതെന്ന് വ്യക്തമാക്കേണ്ടത് അവർ തന്നെയാണ്. തങ്ങൾ ഒന്നാംതരം പൗരന്മാരും ഇതരരെല്ലാം രണ്ടാംതരവുമെന്ന സവിശേഷകിനാശ്ശേരിസങ്കൽപമാണോ സിപിഎമ്മിനുള്ളതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ? അഭിനവജന്മിത്വം ഭാവഹാവാദികളിൽ പേറുന്ന സിപിഎമ്മിന്റെ രീതിശാസ്ത്രം ജനാധിപത്യവ്യവസ്ഥിതിയിൽ ഭൂഷണമല്ല. ഇതേ സിപിഎം ബിബിസി-യിൽ നടന്ന യൂണിയൻ സർക്കാർ ഏജൻസികളുടെ പരിശോധനയെ വിമർശിക്കാൻ ഉത്സാഹം കാണിക്കുന്നതാണോ ‘വൈരുധ്യാത്മക എന്തോ വാദം’?

അതിക്രമം, ഭീഷണി, ഉന്മൂലനം എന്ന നയം നടപ്പാക്കാൻ കാണിക്കുന്ന ഔത്സുക്യം തങ്ങളെക്കുറിച്ച് പരസ്യവേദികളിൽ മുന്നോട്ടുവെക്കുന്ന ഗീർവാണങ്ങൾ നിറുത്തിവെക്കാൻ കാണിച്ചാൽ അത് കേരളത്തോട് കാണിക്കുന്ന മര്യാദയാവും. പൊതുസമൂഹത്തെ മൊത്തത്തിൽ ശത്രുപക്ഷത്ത് നിറുത്തിയും രൂപമില്ലാത്ത ഒരു ശത്രുവിനോടുള്ള ഭയം ഓരോ ശ്വാസത്തിലും സ്വാംശീകരിച്ചും ധാർഷ്ട്യം അലങ്കാരമാക്കിയും നീങ്ങുന്നവർ സാമൂഹ്യഭീരുക്കളുടെ വിഭാഗത്തിൽപ്പെടുന്നു എന്നതിന് ചരിത്രം സാക്ഷി.

ചോദ്യങ്ങളോടുള്ള അസഹിഷ്ണുത മാധ്യമപ്രവർത്തനത്തോടുള്ള വിചിത്രസമീപനരീതികളിലൂടെ പലപ്പോഴും പ്രകടിപ്പിക്കാറുള്ള പിണറായി വിജയൻ മാധ്യമപ്രവർത്തനത്തിന്റെ ജനാധിപത്യസാമൂഹ്യപ്രസക്തിക്ക് നിരക്കുന്ന പ്രവർത്തനരീതിശാസ്ത്രങ്ങളിൽനിന്നും നിർഭാഗ്യവശാൽ പലപ്പോഴും അകന്നുമാറി സഞ്ചരിക്കുന്ന കെയുഡബ്ല്യുജെ-യെ എങ്ങനെയെങ്കിലും ഒതുക്കിനിറുത്തിയാൽ വിജയിക്കാമെന്നുള്ള ചിന്താവൈകല്യം പ്രദാനം ചെയ്യുന്ന മൂഢസ്വർഗ്ഗത്തിലാണോ? സിപിഎമ്മിന്റെ പല പോഷകസംഘടനകളിലൊന്നോ എന്ന സംശയം പൊതുജനങ്ങളിൽ ജനിപ്പിക്കുന്ന സമീപനങ്ങൾക്ക് പേരുകേട്ട കെയുഡബ്ല്യുജെ-ക്കും അതിന്റെ അതാതുകാലങ്ങളിലെ നേതൃത്വത്തിൽ എത്തുന്നവർക്കും പലപ്പോഴും മടിയിൽ ആവശ്യത്തിലേറെ പലവിധകനങ്ങൾ ഉണ്ടാവുന്നതിനാലെന്നപോലെയുള്ള പ്രവർത്തനങ്ങൾ സ്വാഭാവികതയാണെന്ന് വിവിധകോണുകളിൽനിന്നും പരാമർശങ്ങൾ ഉയരാറുണ്ട്. സംസ്ഥാനത്തെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായ വിനു വി ജോണിന്റെ വിഷയത്തിലും സംഘടന നടത്തുന്ന പ്രതികരണഭാഷ സാംസ്കാരികമായെന്ന വ്യാജേനയുള്ള പരിമിതപ്പെടുത്തലുകൾക്ക് വിധേയമാക്കിയതാണ്.

സംഘടനയുടെ നിലവിലെ നേതൃത്വത്തിലുള്ളവരിൽ ചിലരെങ്കിലും ക്രിമിനൽ തട്ടിപ്പുമാഫിയകളുമായി ഊഷ്മളബന്ധം പുലർത്തുന്ന സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ചിട്ടുള്ളതിന്റെ വാർത്തകൾ പുറത്തുവന്നിട്ടുള്ളതാണ്. ഇവർ സ്വന്തം നിലക്കുള്ള പ്രൊഫഷണൽ കഴിവുകളുടെ അസാന്നിധ്യത്തിലും അവരവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ആഭ്യന്തരമായ അധികാരശ്രേണിയിൽ അനാരോഗ്യകരമായ ഇടപെടലുകൾ നടത്തുന്നതിൽ ഹരം കണ്ടെത്തുന്നവരാണെന്നതിന്റെ അതിനിന്ദ്യസൂചനാനിഴലിലാണെന്ന് പറയപ്പെടുന്നു. ഇത്തരം ബലഹീനതകളെ ആയുധമാക്കാം എന്ന് കരുതുന്ന പിണറായി വിജയൻ മറന്നുപോവരുതാത്ത വസ്തുത, കേരളത്തിലെ വിവിധ മാധ്യമരൂപങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്ന യഥാർത്ഥമാധ്യമപ്രവർത്തനപ്രൊഫഷണലുകൾ എന്ന ഭൂരിപക്ഷം കെയുഡബ്ല്യുജെ-ക്ക് പുറത്താണുള്ളത് എന്നതാണ്!

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version