Business

‘അഭിമുഖങ്ങളിൽ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത ഇല്ല, സമയത്ത് വരണം, ലഹരി വേണ്ട’; കർശനനിർദ്ദേശങ്ങളുമായി സിനിമാലോകം

Published

on

മലയാളസിനിമ മേഖലയിലെ അഭിനേതാക്കളിൽ അച്ചടക്കം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ പെരുമാറ്റം, സിനിമ പ്രൊമോഷൻ, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കർശനമായ നിർദേശങ്ങളാവും കരാറിലുണ്ടാവുക.

മലയാളസിനിമ മേഖലയിൽ അടുത്തിടെ നടന്നുവരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ലൊക്കേഷനുകളിൽ സമയകൃത്യത പാലിക്കണം, ലഹരി ഉപയോഗം പാടില്ല, സ്ത്രീസുരക്ഷ ഉറപ്പുവരുത്തണം, ഇതിനായി സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സെൽ ഉണ്ടെന്ന് നിർമ്മാതാവ് ഉറപ്പുവരുത്തണം തുടങ്ങിയവയാണ് കരാറിലെ പ്രധാന പെരുമാറ്റചട്ടങ്ങൾ. സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് റിലീസിന് മുൻപ് പരസ്യപ്പെടുത്തരുത്, പ്രൊമോഷൻ അഭിമുഖങ്ങളിൽ സിനിമയേക്കുറിച്ച് മാത്രം സംസാരിച്ചാൽ മതി, വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത ഇല്ല എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും അഭിനേതാക്കൾക്കുണ്ട്. പകലും രാത്രിയും നീണ്ടുനിൽക്കുന്ന ചിത്രീകരണത്തിൽ അഭിനേതാവിന്റെ സൗകര്യം കൂടി കണക്കിലെടുക്കണമെന്നും കരാറിൽ ഉറപ്പുവരുത്തും.

നടൻ ശ്രീനാഥ് ഭാസി പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാപ്രയോഗങ്ങൾ നടത്തിയെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. തുടർന്ന് സിനിമ മേഖലയെ തൊഴിലിടം എന്ന നിലയിൽ മാർഗനിർദ്ദേശങ്ങൾക്ക് കീഴിലാക്കണം എന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നതിന് പിന്നാലെയാണ് കരാറുണ്ടാക്കാനുള്ള തീരുമാനം.

 

#indiancinema #india #kerala #malayalamcinema #malayalam #Men #women #sreenadhbhasi #feminisme #producer #cinema #contract #director #actor #actresses #news #promotion #drugsafety

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version